ദുബൈ: ബാങ്കിങ് മേഖലയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഇടപാടുകളില്‍ ഒടിപി നിര്‍ത്തലാക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്‍റെ തീരുമാനം. നിയമം ജനുവരി ആറു മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നേക്കും, ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാ ബാങ്കുകള്‍ക്കും സെന്‍ട്രല്‍ ബാങ്ക് അയച്ചു കഴിഞ്ഞു. ചില ബാങ്കുകള്‍ ഈ സംവിധാനം തുടങ്ങുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
സാധാരണ ഓണ്‍ലൈന്‍ കാര്‍ഡ് പേയ്‌മെന്‍റുകളില്‍ മൊബൈല്‍ നമ്പറിലേക്കോ ഈമെയിലിലേക്കോ ഒടിപി അയച്ചാണ് ട്രാന്‍സാക്ഷന്‍ പൂര്‍ത്തീകരിക്കാറുള്ളത്. പക്ഷേ ഇനി മുതല്‍ ഒടിപിക്ക് പകരം മൊബൈല്‍ ആപ്പിലേക്ക് ഒരു നോട്ടിഫിക്കേഷന്‍ പോവുകയും അതിലൂടെ അപ്പ്രൂവ് ചെയ്യുകയും ചെയ്താല്‍ മാത്രമേ ഇടപാടുകള്‍ പൂര്‍ത്തിയാവുകയുള്ളു. ഇത് സംബന്ധിച്ച് പല ബാങ്കുകളും അവരുടെ ഉപഭോക്താക്കള്‍ക്ക് അറിയിപ്പുകള്‍ അയച്ചു കഴിഞ്ഞിട്ടുണ്ട്.
ഒടിപികള്‍ തട്ടിയെടുത്ത് പലവിധ ബാങ്ക് തട്ടിപ്പുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലാണ് പുതിയ സംവിധാനത്തിലേക്ക് സെന്‍ട്രല്‍ ബാങ്ക് നീങ്ങിയത്. മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള ഇടപാടുകള്‍ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുമെന്നതാണ് വിദഗ്ദ്ധരുടെ നിഗമനം
ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ടത് ബാങ്കിങ് ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെന്ന് ഉറപ്പ് വരുത്തുകയും ബാങ്കിന്‍റെ നോട്ടിഫിക്കേഷന്‍ ഡിസാബിള്‍ ചെയ്യാതിരിക്കുകയും വേണം. ഇന്‍ർനെറ്റ് സംവിധാനമില്ലാതെ എങ്ങനെ ഈ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാം എന്ന് ബാങ്കിന്‍റെ ഉപദേശം സ്വീകരിക്കുകയും വേണം.
ഇനിയും ഒടിപി തേടുന്നവര്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കാനും ബാങ്ക് സജ്ജമായിരിക്കും. അവരുടെ കണ്‍സെന്‍റ് വാങ്ങിയതിന് ശേഷം അതിന് സൗകര്യമേര്‍പ്പെടുത്തും, പക്ഷേ പിന്നീട് വരുന്ന പ്രശ്‌നങ്ങള്‍ക്ക് ബാങ്ക് ഉത്തരാവാദിയാവുകയില്ലെന്നും ബാങ്കുകള്‍ അറിയിച്ചു.