കാരക്കസ്: വെനസ്വേലന്‍ അക്രമണത്തിനും മഡുറോയുടെ ബന്ധിയാക്കലിനും ശേഷം പുതിയ പ്രശ്‌നമുയര്‍ത്തി യുഎസ്. ഇത്തവണ വമ്പന്‍ ശക്തിക്കെതിരാണെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. വെനസ്വേലയില്‍ നിന്ന് എണ്ണ കടത്തുന്നുവെന്ന് ആരോപിച്ച് റഷ്യന്‍ പതാകയുള്ള ബെല്ല 1 (മാരിനേര) എന്ന കപ്പല്‍ അറ്റലാന്‍റിക്കില്‍ വെച്ച് യുഎസ് കോസ്റ്റല്‍ ഗാര്‍ഡും യുഎസ് സൈന്യവും ചേര്‍ന്ന പിടിച്ചെടുത്തു. സംരക്ഷണ കവചമൊരുക്കാന്‍ അരികത്ത് റഷ്യയുടെ യുദ്ധക്കപ്പലും അന്തര്‍ വാഹിനിയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ ഇവ തമ്മിലുള്ള ദൂരം എത്രയാണെന്നത് വ്യക്തമല്ല.
കുറച്ച് കാലമായി വെനസ്വേലയുടെ അരികത്ത് നില്‍ക്കുന്ന റഷ്യന്‍ കപ്പല്‍ ബെല്ല1 ന് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിക്കാതെ വരുകയായിരുന്നു. ഉടനെ ഉദ്യോഗസ്ഥർ കപ്പലിന് മാരിനേര എന്ന് നാമകരണം ചെയ്തു. നിരന്തര നിരീക്ഷണവുമായി യുഎസ് റഷ്യന്‍ കപ്പലിന് പിന്നാലെ കൂടി. ശക്തമായ ഭാഷയില്‍ റഷ്യ പ്രതികരിച്ചിട്ടും യുഎസ് പിന്‍മാറാത്തതിനാല്‍ സംരക്ഷണമൊരുക്കി റഷ്യന്‍ യുദ്ധക്കപ്പലും അന്തർവാഹിനിയും എത്തുകയായിരുന്നു.
അന്താരാഷ്ട്ര നിയമ ലംഘനമെന്നാണ് പല രാജ്യങ്ങളും യുഎസിന്‍റെ നീക്കത്തെ വിലയിരുത്തിയിരിക്കുന്നത്. വടക്കന്‍ അറ്റലാന്‍റിക്കില്‍ വെച്ചാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ഇരു സൈന്യങ്ങളും തമ്മില്‍ ഏറ്റുമുട്ടിയതായി വിവരമില്ല. വെനസ്വേലയും ബ്രസീലും ചൈനയുമൊക്കെ ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. ഇനി എന്തു സംഭവിക്കുമെന്നാണ് ലോകം ഭയത്തോടെ കാത്തിരിക്കുന്നത്.