പാലക്കാട്/പത്തനംതിട്ട: അവസാനം, പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അതിവിദഗ്ധമായി പോലീസ് അറസ്റ്റ് ചെയ്തു. ഇമെയിലില്‍ പോലീസിന് ലഭിച്ച പുതിയ ബലാത്സംഗ കേസിലാണ് അറസ്റ്റ്. മുന്‍കൂര്‍ ജാമ്യം തള്ളിയ പത്തനംതിട്ട ജില്ല മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡില്‍ വെക്കാന്‍ ഉത്തരവിട്ടു. എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം രാഹുലിനെ ചോദ്യം ചെയ്ത് വരികയാണ്.
രാത്രി 12.30ഓടെ പാലക്കാട്ടെ സ്വകാര്യ ഹോട്ടലില്‍ നിന്നാണ് രാഹുലിനെ ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ എത്തിയ പോലീസ് ആദ്യം റിസപ്ഷനില്‍ ചെന്ന് ജോലിക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. 12.15ഓടെ മുറിയിലെത്തി. 12.30ഓടെ കസ്റ്റഡി നടപടികള്‍ പൂര്‍ത്തിയാക്കി. പുലര്‍ച്ച തന്നെ പത്തനം തിട്ട എആര്‍ ക്യാമ്പിലെത്തിക്കുകയും ചെയ്തു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. അതിജീവിതയുടെ മൊഴി അന്വേഷണ സംഘം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിനിലിനെതിരെ മൂന്ന് കേസുകളാണ് നിലനില്‍ക്കുന്നത്.ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന് അനുകൂലമായി വിധി പറഞ്ഞു അറസ്റ്റ് തടഞ്ഞു. രണ്ടാം കേസില്‍ വിചാരണക്കോടതി ജനുവരി 21വരെ ജാമ്യം അനുവദിച്ചിരുന്നു. മൂന്നാം കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് രേഖപ്പെടുത്തിയതും.
അതേ സമയം രാഹുലിന്‍റെ നിയമസഭാംഗത്വം അയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് നിയമസഭ. അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടന്‍ തേടുമെന്നാണ് സ്പീക്കര്‍ എഎന്‍ ശംസീര്‍ അറിയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയായി തുടരുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പീക്കര്‍ എ എന്‍ ശംസീര്‍ അറിയിച്ചു. തുടര്‍ച്ചയായി പരാതികള്‍ ലഭിക്കുന്നത് ഗൗരവകരമാണെന്നും അദ്ദേഹം വിശദീകരിച്ചു.
രാഹുലിന്‍റെ കാര്യത്തില്‍ രാജിവെക്കാന്‍ പറയാന്‍ തനിക്ക് അധികാരമില്ലെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോവട്ടേയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. വേണ്ട നടപടിള്‍ ഞങ്ങള്‍ മുമ്പേ കൈകൊണ്ടിരുന്നു. പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ സസ്പന്‍ഡ് ചെയ്തു. പരാതി വന്നതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നിലവില്‍ പാര്‍ട്ടിയിലില്ലാത്ത ഒരാളോട് രാജിവെക്കാന്‍ ഞങ്ങള്‍ എങ്ങനെ പറയുമെന്നും അദ്ദേഹം ചോദിച്ചു.
ഇലക്ഷന്‍ അടുത്തിരിക്കെ രാഹുലിനെതിരെ തുടര്‍ച്ചയായി വരുന്ന ഈ പരാതി കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളിയാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട്ടെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുമോയെന്നും കോണ്‍ഗ്രസ് ഭയക്കുന്നു.