ഒമാന്‍, സൗദി, ഖത്തര്‍ എന്നീ അറബ് രാജ്യങ്ങളുടെ അടിയന്തിര മീറ്റിംഗ് സൗദിയില്‍ നടന്നു
ട്രംപിനെ കാര്യം ധരിപ്പിച്ചതായി സൗദി പ്രതിനിധി
ഇറാനെ അക്രമിക്കാന്‍ വ്യോമാതിര്‍ത്തി തുറക്കില്ലെന്നും സൗദി
ടെഹ്‌റാന്‍: ലോകം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് പുതിയ ആശ്വാസ വാക്കുമായി ഇറാനിയന്‍ പ്രതിനിധി രംഗത്തെത്തിയത്. വാര്‍ത്ത വന്നത് അമേരിക്കയില്‍ നിന്നാണെങ്കിലും പുറത്ത് വിട്ടിരിക്കുന്നത് ഇറാന്‍റെ പാക്കിസ്ഥാനിലെ നയതന്ത്ര പ്രതിനിധി റെസ അമീരി മൊഘദാമാണ്. ഇറാന്‍ ആക്രമിക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നാണ് യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് അറിയിച്ചെന്നായിരുന്നു അദ്ദേഹം വാര്‍ത്ത മാധ്യമങ്ങളോട് വ്യക്തമാക്കിയത്. യുദ്ധത്തിന്‍റെ അരികിലെത്തിയെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് അപ്രതീക്ഷിതമായ ഈ നയതന്ത്ര സംഭാഷണം നടന്നിരിക്കുന്നത്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാനില്‍ നിലവില്‍ 2000 മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിലരുടെ വധ ശിക്ഷകളും ഇറാന്‍ ശരി വെച്ചിരുന്നു. ഇതിനിടയിലായിരുന്നു ട്രംപിന്‍റെ യുദ്ധ ഭീഷണി. പ്രതിഷേധക്കാര്‍ക്ക് സഹായ വാഗ്ദാനവും അദ്ദേഹം പുറപ്പെടീച്ചിരുന്നു. കഴിഞ്ഞ ദിവസം വരെ ഈ വാക്കില്‍ തന്നെയായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട്.
ഇതിനിടെ യുഎസ് വിമാനവാഹിനി കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളെ ആക്രമിച്ചാല്‍ അറബ് രാജ്യങ്ങളിലുള്ള യുഎസ് താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റില്‍ ആകെ ഒരു യുദ്ധ ഭീതിയുമുണ്ടായിരുന്നു. ഇതിനിടെയാണ് ഇറാനില്‍ വധശിക്ഷകളൊക്കെ മരവിപ്പിക്കുകയും പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളുകയില്ലെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വന്നത്.
ഇറാന്‍ ഇന്നലെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഇതോടൊപ്പം ഇറാനെ ആക്രമിക്കാന്‍ വ്യോമാതിര്‍ത്തി തുറന്നു കൊടുക്കില്ലെന്നും സൗദി അറേബ്യയും വ്യക്തമാക്കിയിരുന്നു. ഇതുമായുള്ള ചര്‍ച്ചകള്‍ ചെയ്യാന്‍ ഗള്‍ഫിലെ മൂന്ന് രാജ്യങ്ങളുടെ അടിയന്തിര യോഗം ഇന്ന് സൌദി അറേബ്യയില്‍ വെച്ച് നടന്നു. മീറ്റിംഗിന് പിന്നാലെ തങ്ങളുടെ നിലപാടുകള്‍ വിളിച്ച് അമേരിക്കയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ യുദ്ധം ഉണ്ടാവരുതെന്നാണ് സൗദി പ്രതിനിധി ട്രംപിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഭീതിയുടെ നിമിഷങ്ങളില്‍ നിന്നും ഇന്ന് ഏറെ ആശ്വാസകരമായ വാര്‍ത്തയായിരുന്നു പുറത്ത വന്നത്. ഇറാനില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തിയായി നടന്ന് കൊണ്ടിരിക്കുന്നു. ആദ്യ സംഘം വെള്ളിയാഴ്ച്ച ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാവിധ സഹായവാഗ്ദാനങ്ങളും ഇന്ത്യന്‍ എംബസി ചെയ്തിട്ടുണ്ട്.