കിറ്റക്‌സിനെ കേരളത്തിലേക്ക് തിരിച്ച് കൊണ്ട് വരുമെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: അപ്രതീക്ഷിതമായ രാഷ്ട്രീയ നാടകമായിരുന്നു ഇന്ന് കേരളത്തില്‍ അരങ്ങേറിയത്. നാളെ പ്രധാനമന്ത്രി കേരളത്തിലെത്തും മുമ്പ് അദ്ദേഹത്തിന് ബിജെപി നല്‍കിയ അപ്രതീക്ഷിത സമ്മാനം എന്നും കൂടി വിശേഷിപ്പിക്കാം. കിറ്റക്‌സ് ചെയര്‍മാന്‍ സാബൂ ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ട്വിന്‍റി പാര്‍ട്ടി എന്‍ഡിഎയില്‍ ഔദ്യോഗികമായ അംഗത്വം നേടി. അടുത്ത നിയമസഭാ ഇലക്ഷനില്‍ എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കും. എറണാകളും ജില്ലയില്‍ ചില സ്ഥലങ്ങളില്‍ വേരുറപ്പുള്ള ട്വിന്‍റിയിലൂടെ ബിജെപി എറണാകളും ജില്ലയില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കുമോ എന്ന് കണ്ടറിയാനുണ്ട്.
ഇന്ന് മാരാര്‍ജി ഭവനില്‍ ട്വിന്‍റി ചെയര്‍മാന്‍ സാബു ജേക്കബും സംസ്ഥാന ബിജെപി പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറും നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം. ഇരുവരും ഒന്നിച്ച് മാധ്യമ പ്രവര്‍ത്തകരെ കണ്ട് മുന്നണി പ്രവേശനം അറിയിക്കുകയും ചെയ്തു. ദേശീയ നേതൃത്വവുമായി നടത്തിയ പല ചര്‍ച്ചകള്‍ക്കൊടുവിലാണ് ട്വിന്‍റിയുടെ തീരുമാനം. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന്‍റെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക ശേഷമായിരുന്നു മുന്നണി പ്രവേശനത്തെ കുറിച്ച് ധാരണയായത്. രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശന സമയത്ത് യുഡിഎഫും ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
‘ഞങ്ങളുടെ പാര്‍ട്ടിയുടെ ഏറെ നിര്‍ണ്ണായകമായ തീരുമാനമാണ് ഇന്ന് നടത്തിയത്. കേരളം രണ്ട് പാര്‍ട്ടികള്‍ ഭരിച്ച് മുടിപ്പിച്ചതിനാലാണ് ട്വിന്‍റി എന്ന് പാര്‍ട്ടി ഉടലെടുത്തത്. കഴിഞ്ഞ 14 വര്‍ഷമായി ജനങ്ങള്‍ക്ക് വേണ്ടി ട്വിന്‍റി പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളെ ഇല്ലാതാക്കാന്‍ പല ശ്രമങ്ങളും നടത്തിയവര്‍ക്ക് മുന്നിലാണ് തദ്ദേശ തെരെഞ്ഞെടുപ്പില്‍ 89 സീറ്റുകള്‍ വിജയിച്ച് ഞങ്ങള്‍ മറുപടി നല്‍കിയത്. നാല് പഞ്ചായത്തുകളില്‍ രണ്ടെണ്ണം നഷ്ടപ്പെട്ടെങ്കിലും രണ്ടെണ്ണത്തില്‍ ഭരണം തുടരുന്നതോടൊപ്പം പുതിയ രണ്ട് പഞ്ചായത്തുകളും കൂടി ട്വിന്‍റി പിടിച്ചെടുത്തിട്ടുണ്ട്. പലപാര്‍ട്ടികളും ഒന്നിച്ച് മത്സരിച്ചിട്ട് പോലും ഞങ്ങളെ തോല്‍പ്പിക്കാനായില്ലെന്നും’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുമായാണ് ഞങ്ങള്‍ സഖ്യമുണ്ടാക്കിയത്. രാജ്യത്ത് വികസം കൊണ്ടുവരാന്‍ സാധിച്ച പാര്‍ട്ടിയാണ് ബിജെപി. നാളെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഔദ്യോഗിക പ്രഖ്യാപനം നടക്കും. നിയമസഭയില്‍ എത്ര സീറ്റില്‍ എവിടെ മത്സരിക്കുമെന്നത് എന്‍ഡിഎ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതേ സമയം കേരള സര്‍ക്കാരിനോട് ദേശ്യപ്പെട്ട് കേരളത്തില്‍ നിന്ന് വിട്ടു പോയ കിറ്റക്‌സിനെ തിരിച്ച് കേരളത്തിലേക്ക് കൊണ്ട് വരുമെന്ന് ബിജെപി പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിന്‍റെ വികസനവും ജനങ്ങള്‍ക്കുള്ള തൊഴിലുറപ്പുമാണ് ഈ ശ്രമത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.