പൊള്ളാച്ചി/മലപ്പുറം: ഏറെ നടുക്കത്തോടും സങ്കടത്തോടുമായിരുന്നു കേരളം ആ വാര്‍ത്ത കേട്ടത്. വിനോദ സഞ്ചാരത്തിന് പോയ അദ്ധ്യാപകരും ജീവനക്കാരുമടങ്ങുന്ന സംഘം വാല്‍പ്പാറയ്ക്കും പൊള്ളാച്ചിക്കുമിടയില്‍ അപടകത്തില്‍പെട്ടു. ടൂറിസ്റ്റ് വാന്‍ നിയന്ത്രണം വിട്ട് 300 അടി താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഏഴ് അദ്ധ്യാപകരും അവരുടെ രണ്ട് കുട്ടികളുമടക്കം ഒമ്പതുപേര്‍ക്ക് ദാരുണാന്ത്യം. ടൂറിസ്റ്റ് വാനിന്‍റെ ഡ്രൈവര്‍ ഉള്‍പ്പടെ നാല് പേര്‍ ആശുപത്രിയില്‍. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പൊള്ളാച്ചിയില്‍ നിന്ന് കേവലം 30 കിലോമീറ്റര്‍ അകലെ മാത്രമാണ് അപകടമുണ്ടായ ഹെയര്‍പിന്‍ റോഡ്. അവധിക്കാലത്തെ യാത്രയും ആഘോഷവും കഴിഞ്ഞ് തിരിച്ച് നാട്ടിലേക്കുള്ള വരവിലാണ് അപകടമുണ്ടായത്. വൈകുന്നരേം 5മണിക്ക് ശേഷമായിരുന്നു അപകടം
പാങ് ജിഎല്‍പി-യുപി സ്‌കൂളിലെ അദ്ധ്യാപകരും ബസ് ഡ്രൈവറും പാചകത്തൊഴിലാളിയും അവരുടെ കുടുംബങ്ങളുമാണ് ബസ്സിലുണ്ടായിരുന്നത്. 300 അടി താഴ്ച്ചയിലേക്കായിരുന്നു വാന്‍ മറിഞ്ഞു വീണത്. ടൂറിസ്റ്റ് ബസ്സിന് പിന്നില്‍ വന്ന യാത്രക്കാരാണ് സംഭവം കണ്ടത്. തൊട്ടടുത്തുള്ളവരെയും ബന്ധപ്പെട്ടവരെയും വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും തുടര്‍ നടപടികളും. നാട്ടുകാരുടെയും യാത്രക്കാരുടെയും വാഹനങ്ങളിലായിരുന്നു ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.
മരണപ്പെട്ടവര്‍: ജിഎല്‍പി സ്‌കൂളിലെ അദ്ധ്യാപകര്‍ അജിത, റംല, സുഹറ, ആശ, മജീദ് അവരുടെ ഭാര്യ റുഖിയ, സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ്, പാചകത്തൊഴിലാളി സാജിത എന്നിവര്‍ സംഭവസ്ഥലത്തും അധ്യാപിക സുഹറയുടെ മകന്‍ ഹിഷാം പൊള്ളാച്ചി ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്.
പരിക്കേറ്റവര്‍: ജിയുപി സ്‌കൂളിലെ അധ്യാപിക ഷക്കീന, മകള്‍ മസ്‌നീന്‍, മരിച്ച സാജിതയുടെ മകന്‍ ഷഹദീന്‍, വാനിന്‍റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ്. മസ്‌നീന്‍ ഒഴികെയുള്ളവരുടെ ആരോഗ്യ നിലയാണ് ഏറെ ഗുരുതരമായി തുടരുന്നത്.
60 കിലോമീറ്ററോളം നീണ്ടു നില്‍ക്കുന്ന മലക്കപ്പാറ- വാല്‍പ്പാറ പാത അപകട റൂട്ടാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. നേരിയ അശ്രദ്ധ പോലും വലിയ അപകടത്തിലേക്ക് മാറിയേക്കും. വളവുകളുള്ള റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് തിരിക്കാന്‍ ഏറെ പ്രയാസമനുഭവപ്പെടേണ്ടിവരുന്നു. ഇതിന് ചുറ്റും പതിയിരിക്കുന്ന അഗാധമായ താഴ്ച്ചയാണ്.
അപകട വിവരമറിഞ്ഞ് മന്ത്രിമാരായ ശിവന്‍ കുട്ടി. കെ കൃഷ്ണന്‍ കുട്ടി എന്നിവര്‍ കോയമ്പത്തൂരിലേക്ക് വൈകാതെ യാത്ര തിരിക്കും. നടപടികള്‍ വേഗത്തിലാക്കാനും കൂടിയാണ് യാത്ര. നാളെ മരണപ്പെട്ടവരുടെ ഭൗതീക ശരീരം പാങ് സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കും.
മരണത്തില്‍ കേരള മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സാ സഹായവും മരിച്ചവരുടെ ആശ്രിതര്‍ക്ക് ആവശ്യമായ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. കേരള പ്രതിപക്ഷ നേതാവ് വിഡി സതീശനും സംഭവത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.