അബൂദാബി: ലോകം ഏറെ ചര്‍ച്ച ചെയ്ത ഫ്ലൈ ദുബായ് വിമാനത്തിലെ സംഭവ വികാസങ്ങളില്‍ വ്യക്തമായ വിശദീകരണവുമായി യുഎഇ രംഗത്തെത്തി. ദുബായില്‍ നിന്നും തെല്‍ അവീവിലേക്ക് പറന്ന വിമാനത്തില്‍ നടന്നത് ഭീകര പ്രവര്‍ത്തനമാണെന്നാണ് യുഎഇയുടെ കണ്ടെത്തല്‍. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഡോ.ഹമദ് സെയ്ഫ് അല്‍ ഷംസി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാമിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞത്.
സെപ്തംപബര്‍ 30ന് ദുബായില്‍ നിന്നും പറന്ന ഫ്‌ളൈ ദുബായ് FZ1073 വിമാനത്തില്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹ പൈലറ്റ് ക്രാഷ് ആക്‌സ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ക്യാപ്റ്റനെ ആക്രമിച്ച് ഫ്ലൈറ്റിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു ലക്ഷ്യം. അടിയന്തിര സാഹചര്യങ്ങളില്‍ വാതിലുകളോ പാനലുകളോ തകര്‍ക്കുന്നതിനായ് കോക്ക്പിറ്റില്‍ സൂക്ഷിച്ചിരിക്കുന്ന സുരക്ഷാ ഉപകരണമാണ് ക്രാഷ് ആക്‌സ്.
ഇതിന് പിന്നിലുള്ള പ്രേരണകള്‍ എന്താണെന്ന് ഇപ്പോഴും അന്വേഷിച്ച് വരികയാണ്. രണ്ട് ദിവസത്തെ അന്വേഷണത്തില്‍ നിന്ന് കിട്ടിയ പ്രാഥമിക വിവരങ്ങളാണ് അദ്ദേഹം പുറത്ത് വിട്ടത്. കൂടുതല്‍ വിവരങ്ങള്‍ സാങ്കേതികപരിശോധനകളും ഭൗതീക ഡിജിറ്റല്‍ തെളിവുകളും വിശകലനം ചെയ്ത ശേഷമായിരിക്കും വ്യക്തമാക്കുക. മാത്രമല്ല ഇതിന് പിന്നില്‍ വല്ല ഒളിയജണ്ടകളോ മറ്റു ഏതെങ്കിലും ഭീകര പ്രവർത്തനകളുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
വിമാനത്തിനകത്ത് രാജ്യ പരിധിയില്‍ നിന്ന് പുറത്താണ് സംഭവം നടക്കുന്നുതെങ്കിലും യുഎഇ നിയമം ഈ സംഭവത്തിന് ബാധകമാവുമെന്നാണ് രാജ്യത്തിന്‍റെ നിയമം. അത് കൊണ്ടാണ് പ്രതികളെ തിരിച്ചുകിട്ടാന്‍ സൗദിയോട് യുഎഇ ആവശ്യപ്പെട്ടത്.
അടിയന്തിര സാഹചര്യം മാനിച്ച് ശക്തമായ സുരക്ഷയോടെ വിമാനം ഇറക്കിയത് സഊദിയുടെ തബൂക്ക് വിമാനത്താവളത്തിലായിരുന്നു. സഊദി സര്‍ക്കാരിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ സഹപൈലറ്റ് പ്രധാന പൈലറ്റിനെ ആക്രമിച്ചതായ് കണ്ടെത്തുകയും അത് ഒക്ടോബര്‍ ഒന്നിന് പുറത്ത് വിടുകയും ചെയ്തിരുന്നു. ഇസ്രയേലില്‍ നിന്നും ഭീകര പ്രവര്‍ത്തനം എന്ന രൂപത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ യുഎഇ വ്യക്തമായ അന്വേഷണത്തിന് ശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.