ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ മാർഗിന് (പഴയ റേസ് കോഴ്സ് റോഡ്) സമീപത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള റേസ് കോഴ്സ് മസ്ജിദ് ഒഴിപ്പിക്കാൻ കേന്ദ്ര ലാൻഡ് ആൻഡ് ഡെവലപ്പ്മെന്റ് ഓഫീസ് (L&DO) നീക്കം ശക്തമാക്കി. പള്ളി ഉടൻ പൊളിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചതായും അടിയന്തരമായി ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയതായും പള്ളി ഇമാം മുഹമ്മദ് ഹാറൂൺ വ്യക്തമാക്കി.
നടപടിയുടെ ആദ്യഘട്ടമായി പള്ളിയിലേക്കുള്ള കുടിവെള്ള കണക്ഷനും വൈദ്യുതി വിതരണവും അധികൃതർ വിച്ഛേദിച്ചു. പള്ളി പരിസരത്ത് സുരക്ഷാ സേനയെ വിന്യസിച്ച് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പള്ളി പൂർണ്ണമായി ഒഴിഞ്ഞുനൽകണം എന്നാണ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
പൈതൃക പദവി നിലനിൽക്കെ നടപടിയെന്ന് ആക്ഷേപം
2021-ൽ നടത്തിയ ഔദ്യോഗിക സർവേയിൽ ഈ പള്ളിയെ രാജ്യത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതാണെന്ന് ഇമാം ചൂണ്ടിക്കാട്ടി. അന്ന് പ്രദേശത്തെ ചുരുക്കം ചില വീടുകൾക്ക് മാത്രമാണ് സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ചിരുന്നതെങ്കിൽ, നിലവിൽ വഖഫ് ഭൂമി കയ്യേറ്റമായി ചിത്രീകരിച്ച് പ്രദേശത്തെ എഴുനൂറിലധികം കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഡൽഹി വഖഫ് ബോർഡിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
എന്നാൽ, നിർമ്മിതി സ്ഥിതി ചെയ്യുന്നത് സർക്കാർ ഭൂമിയിലാണെന്നും പള്ളിയുടെ പൈതൃക പദവി നിലവിൽ സൂക്ഷ്മപരിശോധനയിലാണെന്നുമാണ് ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസിന്റെ വിശദീകരണം.
‘ഉന്നതി’ നിവാസികളുടെ ഒഴിപ്പിക്കലും പുനരധിവാസവും
പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ‘ഉന്നതി’ പ്രദേശവാസികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായാണ് പള്ളിക്കെതിരെയുള്ള നടപടിയും നീളുന്നത്. ഇവിടുത്തെ താമസക്കാരെ ഏകദേശം 45 കിലോമീറ്റർ അകലെയുള്ള ‘സവ്ദ ഘേവ്’ പുനരധിവാസ മേഖലയിലേക്ക് മാറ്റാനും അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനും കോടതി നിർദ്ദേശിച്ചിരുന്നു.
പള്ളിക്ക് നേരെയുള്ള നീക്കങ്ങൾക്കെതിരെ വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധവും ആശങ്കയും നിലനിൽക്കുകയാണ്. ചരിത്രപ്രാധാന്യമുള്ള ഈ ആരാധനാലയം സംരക്ഷിക്കാൻ നീതിബോധമുള്ള മുഴുവൻ ജനങ്ങളും അധികാരികളും ഇടപെടണമെന്ന് ഇമാം വൈകാരികമായി അഭ്യർത്ഥിച്ചു.