റിയാദ്: സഊദി ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മരണം രണ്ടായി. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നും ഇന്ത്യന്‍ എംബസിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും പ്രസ്താവനയില്‍ അറിയിച്ചു. മരണപ്പെട്ട രണ്ടാമത്തെ വ്യക്തി സൗദി പൗരനാണ്. ഇന്ത്യന്‍ പൗരന്മാരോട് സഊദി ഗവണ്മെന്റ് പുറപ്പെടീക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അറിയിച്ചു.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്നും അവരുടെ കൂടെയാണ് ഞങ്ങളെന്നും എംബസി എക്സില്‍ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റവരില്‍ ഇന്ത്യന്‍ പൗരന്മാരുണ്ടെന്നാണ് സൂചന
കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടുരുന്ന ഹൂതി ആക്രമണത്തില്‍ സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. സഊദിയിലെ എംബസിയില്‍ ജോലി ചെയ്യുന്ന അത്യാവശ്യക്കാരല്ലാത്തവര്‍ രാജ്യം വിടണമെന്ന് യുഎസ് അവരുടെ പൗരന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇന്നുണ്ടായ ആക്രമണത്തില്‍ വിമാനത്താവളത്തിന് കേടുപാട് പറ്റിയതായും അധികൃതര്‍ അറിയിച്ചു. പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു.
ഇന്ത്യയില്‍ നിന്നെത്തി സഊദിയില്‍ കുടുങ്ങിയ 3000ത്തോളം തീര്‍ത്ഥാടകരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാനക്കമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും സംയുക്തമായാണ് ഈ പ്രവര്‍ത്തനം നടത്തിയത്. ബാക്കിയുള്ളവരെയും കൂടി നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം തുടരുന്നുതായും വിദേശകാര്യ മന്ത്രാലയ വക്തമാവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. സഊദിയിലെ ഇന്ത്യന്‍ പൗരന്മാര്ക്ക് സഹായം തേടാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയേയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനേയും ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു
ബന്ധപ്പെടേണ്ട നമ്പര്‍
റിയാദിലെ ഇന്ത്യന്‍ എംബസി
ഫോണ്‍: +966554412016, +966542126784, വാട്ട്സപ്പ്: +966536216082
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
ഫോണ്‍: +966122614093, +966556122301, വാട്ട്സപ്പ്: +966536209704