ആലപ്പുഴ: നമ്മുടെ നാടിന്റെ ശോചനീയതയാണോ അല്ലേല്‍ ആ രക്ഷിതാക്കളുടെ മാത്രം അശ്രദ്ധയും അവഗണനയുമാണോ? ചോദ്യ ശരങ്ങള്‍ ആര്‍ക്കു നേരേയും ഉയരാം പക്ഷേ പട്ടിണി കിടന്ന് മരിച്ച ഒരു കുഞ്ഞിന്റെ ദയനീയത, അത് പറഞ്ഞറിയിക്കുന്നതിനേക്കാളും തീവ്രമാണ്. കുഞ്ഞേ മാപ്പ്, ഇനിയൊരു കുഞ്ഞിനും ഇത് പോലെ സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കാം
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരം മൂലം മരിച്ച കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. വയറ്റില്‍ ഒന്നുമില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് വിശദീകരിച്ച മന്ത്രി ബിന്ദു കൃഷ്ണ വൈകാരികമായിപ്പോയി. ഒരു അമ്മയെന്ന നിലയില്‍ സഹിക്കാനാവാത്ത കാര്യമാണിതെന്നും അവര്‍ പ്രതികരിച്ചു. സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വകരിക്കുമെന്നും കുട്ടികളുടെ സുരക്ഷ ശിശുവികസന വകുപ്പ് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന അമ്മയ്ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്നും അവര്‍ അറിയിച്ചു.
മരിച്ച കുട്ടിയുടെ മാതാവ് ഇപ്പോഴും മരണ വിവരം അറിഞ്ഞിട്ടില്ല. പക്ഷേ മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. ഗാന്ധിഭവനില്‍ ഇവരെ മാറ്റിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി വീണ്ടും തിരിച്ച് വീട്ടിലേക്ക് വന്നതാണെന്നും വീട്ടില്‍ 11 വയസ്സായ മകളാണ് എല്ലാ കാര്യങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു. പല പ്രാവശ്യം ഈ കാര്യം ഉണര്ത്തിയിട്ടും അവര്‍ മാറിയില്ല. നാട്ടിലെ വാര്‍ഡ് മെമ്പറിന്റെ നേതൃത്വത്തില്‍ ശിശുക്ഷേമ സമിതി, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി കുട്ടികളെ ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നു, അപ്പോഴും കുഞ്ഞിനെ കൊല്ലുമെന്നൊക്കെ ഭീഷണി മുഴക്കി അവര്‍ വിസമ്മതിക്കുകയായിരുന്നു.
അങ്കണവാടികളില്‍ നിന്ന് ലഭിച്ച പോഷകാഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന് പകരം അത് പുറത്ത് വിറ്റ് അതിന്റെ കാശ് എടുക്കലാണ് രക്ഷിതാക്കള്‍ ചെയ്യുന്നതെന്ന് ആരോപണമുണ്ട്. പലപ്പോഴും കരയുന്ന കുട്ടികള്‍ക്ക് നാട്ടുകാരാണ് ഭക്ഷണം നല്‍കിയിരുന്നത്. ലൈഫ് പദ്ധതി വഴി വീട് നിര്‍മ്മിച്ച് നല്കാന് ശ്രമിച്ചെങ്കിലും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമിത്തര്‍ക്കങ്ങളും കേസുകളും തടസ്സമായി നില്‍ക്കുകയായിരുന്നു.