അബൂദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) സമുദ്രാതിർത്തിയിൽ എണ്ണക്കമ്പനിയുടെ സർവീസ് കപ്പലിന് നേരെ ആക്രമണം. അബൂദാബി നാഷണൽ ഓയിൽ കമ്പനിയുടെ ലോജിസ്റ്റിക്സ് വിഭാഗമായ അഡ്നോക് എൽ&എസിന്റെ (ADNOC Logistics & Services) ഉടമസ്ഥതയിലുള്ള വാണിജ്യ കപ്പലിനാണ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവം നടന്ന് മിനിറ്റുകൾക്കകം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തതായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയും സമുദ്രസുരക്ഷയ്ക്ക് നേരെയും ഉണ്ടായ ഈ പ്രകോപനപരമായ നീക്കത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും നാവിഗേഷൻ മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്നും, വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങൾ ആഗോള ഊർജ വിതരണ ശൃംഖലയ്ക്കും സമുദ്ര വ്യാപാരത്തിനും കനത്ത ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
സംഭവത്തിന് പിന്നാലെ തീരസംരക്ഷണ സേനയും സുരക്ഷാ ഏജൻസികളും സംയുക്തമായി സ്ഥിതിഗതികൾ വിലയിരുത്തുകയും കൃത്യമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ നാവിക റൂട്ടുകളിൽ നിരീക്ഷണം ശക്തമാക്കിയതായും ഇത്തരം നിയമവിരുദ്ധ നടപടികൾക്കെതിരെ രാജ്യാന്തര തലത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ക്രൂഡ് ഓയിൽ നീക്കത്തെ ബാധിക്കാത്ത തരത്തിൽ തുറമുഖ പ്രവർത്തനങ്ങളും നാവിക ഗതാഗതവും തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് സമുദ്ര സുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്.