ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മിർ ബസാറിനു സമീപമുള്ള അഖ്റാനിലെ സിആർപിഎഫ് ക്യാംപിനും സുരക്ഷാ ചെക്ക്പോസ്റ്റിനും നേരെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ഓടെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഭീകരർ വെറും 15 സെക്കൻഡുകൾക്കുള്ളിൽ മുപ്പതോളം റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പെട്ടെന്നുണ്ടായ വെടിവയ്പിൽ പരിഭ്രാന്തി പടർന്നപ്പോഴും ജവാന്മാർ ഉടനടി പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. കോൺസ്റ്റബിൾമാരായ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, ഹെഡ് കോൺസ്റ്റബിൾ സോംവീർ സിങ് എന്നിവർക്കാണ് വെടിയേറ്റത്. സന്തോഷ് ചന്ദ്രുവിന് വയറ്റിലും നട്ടെല്ലിലുമാണ് പരുക്കേറ്റത്. രാകേഷ് ദാസിന് കാലിലും സോംവീർ സിങ്ങിന് കയ്യിലുമാണ് വെടിയേറ്റത്. പരുക്കേറ്റവരെ ഉടൻതന്നെ അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വെടിവയ്പ് നടത്തിയ ശേഷം അക്രമികൾ പ്രദേശത്തുനിന്നും രക്ഷപ്പെട്ടു. ലഷ്കറെ തൊയ്ബയുടെ അനുബന്ധ സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (TRF) ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സുരക്ഷാ ഏജൻസികൾ സംശയിക്കുന്നു. സംഭവത്തെത്തുടർന്ന് വനമേഖലയോട് ചേർന്നുള്ള പ്രദേശം സൈന്യവും ജമ്മു കശ്മീർ പൊലീസും പൂർണമായി വളഞ്ഞ് വലിയ തോതിലുള്ള തെരച്ചിൽ ആരംഭിച്ചു. മുൻകരുതലിന്റെ ഭാഗമായി പ്രദേശവാസികൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
സംഭവം നടക്കുമ്പോൾ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കുൽഗാം ജില്ലയിൽ ഉണ്ടായിരുന്നെങ്കിലും, ആക്രമണം നടന്ന സ്ഥലത്തുനിന്നും ഏറെ അകലെയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.