തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വ്യാപിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ദക്ഷി പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ വലിയ തോതില്‍ രോഗ വ്യാപനം നടക്കുന്നതിനാലാണ് കേരളത്തിലും വ്യാപനമുണ്ടാവുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും ആരോഗ്യ മന്ത്രാലയം പുറപ്പെടീച്ചിട്ടുണ്ട്. ജലദോഷം, ചുമ, ശ്വാസതടസ്സം, തൊണ്ട വേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. രോഗം വന്നാല്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.
ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ അതിവ്യാപകമായി പടരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍ എഫ്7, എന്‍ബി 1.8 എന്നിവയ്ക്ക് വ്യാപന ശേഷി കൂടുതലാണ്. പക്ഷേ തീവ്രത കുറവായത് ചെറിയ ആശ്വാസം പകരുന്നു. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരും രോഗികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു.
കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം റിപ്പോര്‍ട്ട് ചെയത് 182 കേസുകളില്‍ 57ും കോട്ടയത്ത് നിന്നായിരുന്നു. എറണാകുളത്ത് നിന്ന് 34 കേസുകളും തിരുവനന്തപുരത്ത് 34 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അനാവശ്യ ആതുലായ സന്ദര്‍ശനം ഒഴിവാക്കണം. ഏത് ആശുപത്രിയിലാണ് ചികിത്സ തുടങ്ങുന്നത് അവിടെ തന്നെ തുടരണം. കോവിഡ് റിപ്പോർട്ട് ചെയ്താല്‍ ചില സ്വകാര്യ ആശുപത്രികള്‍ കേസുകള്‍ റഫര്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ന് റാപ്പിഡ് റെസ്‌പോണ്‍സ് ടീം സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി അടിയന്തിര യോഗം ചേര്‍ന്നു. കാലവര്‍ഷം തുടങ്ങാനിരിക്കെ ഡെങ്കിപ്പനി, എലിപ്പനി പോലെ മറ്റു രോഗങ്ങളിലും ശ്രദ്ധ വേണമെന്നും എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.