കയ്‌റോ: നീണ്ട പതിനൊന്ന് ആഴ്ച്ചത്തെ ഉപരോധത്തിന് വിട, ഈജിപ്ത് അതിര്‍ത്തിയിലൂടെ ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കാന്‍ ഇസ്രയേല്‍ ഇന്നു മുതല്‍ അനുമതി നല്‍കി. നിലവിലെ സാഹചര്യത്തില്‍ നാലിലൊരാള്‍ പട്ടിണിയിലാണെന്നാണ് യുഎന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യകത്മാക്കുന്നത്. ഭക്ഷണവും മെഡിക്കല്‍ ഉപകരണങ്ങളുമാണ് ട്രക്കിലുള്ളത്. നിലവില്‍ 100 ട്രക്കുകള്‍ക്കാണ് അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
വെടിനിര്‍ത്തല്‍ സമയത്ത് 600 ട്രക്കുകള്‍ ദിവസവും ഗാസ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചിരുന്നു. പക്ഷേ മാര്‍ച്ചില്‍ തുടങ്ങിയ ഉപരോധത്തിന് ശേഷം ഇപ്പോഴാണ് വീണ്ടും അനുമതി നല്‍കുന്നത്. അതും കേവലം 100 ട്രക്കുകള്‍ക്ക് മാത്രം.
2023 ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 50000ത്തിന് മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. കുട്ടികളില്‍ പോഷക ആഹാരക്കുറവ് ശക്തമായി അനുഭവപ്പെടുന്നുണ്ടെന്നും ഉമ്മമാരില്‍ മുലപ്പാല്‍ പോലും വറ്റുന്ന സാഹചര്യത്തിലേക്ക് നീങ്ങിയിട്ടുണ്ടെന്നും മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു.
അതേ സമയം യുഎഇയും ഇസ്രയേലും ഗാസയിലേക്ക് സഹായമെത്തിക്കുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ജിഡീയന്‍ സാറും തമ്മില്‍ നടത്തിയ സംഭാഷണത്തിനൊടുവിലാണ് ധാരണയിലെത്തിയത്.
വൈകാതെ തന്നെ മെഡിക്കല്‍ വസ്തുക്കളും ഭക്ഷണപ്പൊതികളുമായി യുഎഇയുടെ സഹായവും ഗാസയിലെത്തും. ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന 15000ത്തോളം ഫലസ്തീനകാരുടെ സംരക്ഷണത്തിനാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നത്..