അബൂദാബി: യുഎഇയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന സമയത്തിന് പുതിയ സമയക്രമീകരണം നടത്തി യുഎഇ. 2026 ജനവുരി 2 മുതല്‍ വെള്ളിയാഴ്ച്ച ജുമുഅ സമയം 12.45നായിരിക്കുമെന്ന് ഔഖാഫ് (ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് സക്കാത്ത്) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുവരെ 1.15ന് ജുമുഅ നടന്നിരുന്ന എമിറേറ്റുകള്‍ക്കാണ് പുതിയ സമയം ബാധകമാക്കുക. ജനങ്ങള്‍ ഈ കാര്യത്തില്‍ ജാഗരൂകരയാരിക്കണമെന്നും ഔഖാഫ് അറിയിച്ചിട്ടുണ്ട്.
2022ലായിരുന്നു യുഎഇയിലെ നിസ്‌കാര സമയത്തില്‍ ഔദ്യോഗിക മാറ്റം വരുത്തിയത്. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമായിരുന്ന വീക്കെന്‍ഡുകള്‍ ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുകയും വെള്ളിയാഴ്ച്ച വര്‍ക്കിങ് ദിനമായി രേഖപ്പെടുത്തുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ആറ് എമിറേറ്റുകളില്‍ പ്രാര്‍ത്ഥനാ സമയം 1.15 ആക്കുകയായിരുന്നു. പക്ഷേ ഷാര്‍ജ അവരുടെ പഴയ സമയം തന്നെ പിന്തുടർന്നു. ആറ് എമിറേറ്റുകളില്‍ വെള്ളി ജോലി ദിവസമായി പ്രഖ്യാപിച്ചപ്പോഴും ഷാര്‍ജ്ജ അത് ഒഴിവ് ദിവസമായി തന്നെ ആചരിച്ചു.
ഇന്ന് വൈകുന്നേരമാണ് ഔഖാഫിന്‍റെ ഔദ്യോഗിക പേജില്‍ പുതിയ നോട്ടിഫിക്കേഷനായി വെള്ളിയാഴ്ച്ച സമയമാറ്റത്തിന്‍റെ അറിയിപ്പുണ്ടായത്. അറിയിപ്പിന്‍റെ പൂര്‍ണ്ണ രൂപം: ”വിശ്വാസികളേ, യുഎഇ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എന്‍ഡോവ്‌മെന്‍റ്, ആന്‍ഡ് സക്കാത്ത് അറിയിക്കുന്നത്, 2026 ജനുവരി 2 മുതല്‍ വെള്ളിയാഴ്ച്ച ഖുതുബയും ജുമുഅയും 12.4ന് ആരംഭിക്കുന്നതായിരിക്കും. അത് കൊണ്ട് വിശ്വാസികള്‍ അല്ലാഹുവിന്‍റെ പ്രീതി കാംഷിച്ച് ജുമുഅയുടെ പുതുക്കിയ സമയത്ത് അത് നിര്‍വ്വഹിക്കണമെന്ന് അറിയിക്കുന്നു.”
അതേ സമയം വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനാ സമയത്തില്‍ മാറ്റും വരുന്നതോടെ സ്‌കൂള്‍ സമയത്തിലും മാറ്റം വരാന്‍ സാധ്യതയുണ്ട്. ഇതേ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും നിലവില്‍ ലഭ്യമായിട്ടില്ല.