കൊച്ചി: കേരളത്തെ നടുക്കിയ പെരിയ ഇരട്ട കൊലപാതക കേസിന്‍റെ ശിക്ഷ എറണാകുളം സി.ബി.ഐ. കോടതി പ്രഖ്യാപിച്ചു. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ എട്ട് വരെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും സി.പി.എം. എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവുമാണ് ശിക്ഷ.
ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണ്. ബാക്കിയുള്ള നാലു പേര്‍ക്ക് ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍, പ്രതികളെ സഹായിക്കലുമാണ് കുറ്റങ്ങളായി രേഖകളില്‍ എഴുതപ്പെട്ടിട്ടുള്ളത്. കേസില്‍ ഉള്‍പ്പെടുത്തിയിരുന്നവരില്‍ പത്തു പേരെ കോടതി വെറുതെ വിട്ടിരുന്നു.
2019 ഫെബ്രവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ രാത്രി വളഞ്ഞിട്ട് വഴിയില്‍ വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസ് ഹൈക്കോടതിയും സുപ്രിം കോടതിയും സി.ബി.ഐക്ക് വിടുകയായിരുന്നു. ലക്ഷങ്ങളായിരുന്നു കേസിലെ പ്രതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവാക്കിയിരുന്നത്.
”വധശിക്ഷയായിരുന്നു പ്രതീക്ഷിച്ചതെന്ന്” കൃപേഷിന്‍റെ അച്ചന്‍ വിധിപ്രസ്താവത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ”ഈ വിധി സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചതെന്ന്” പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.