അഹമ്മദാബാദ്: ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കേരളം. സെമി ഫൈനലില്‍ ഗുജറാത്തിനെ സമനിലയില്‍ തളച്ച് ആദ്യ ഇന്നിങ്‌സിന്‍റെ ലീഡ് കരുത്തില്‍ കേരളം രഞ്ജി ക്രിക്കറ്റിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. ഫെബ്രുവരി 26ന് നടക്കുന്ന രഞ്ജി ട്രോഫി ഫൈനലില്‍ കേരളം വിദര്‍ഭയെ നേരിടും.
ഒന്നാം ഇന്നിങ്‌സില്‍ കേരളം രണ്ട് റണ്‍സിന്‍റെ ലീഡ് നേടിയതിനാല്‍ ഗുജറാത്തിന് ഫൈനലിലെത്താന്‍ കളി ജയിക്കണമായിരുന്നു. പക്ഷേ രണ്ടാം ഇന്നിങ്‌സില്‍ ജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇരു ടീമുകളും സമനിലയില്‍ ഉറപ്പിച്ച് നേരത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ കേരളം ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ ഇടം നേടി.
ആദ്യ ഇന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സിന് മറുപടിയായി ഗുജറാത്തിന് 455 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളു. കേരളത്തിന് ലഭിച്ച രണ്ട് റണ്‍സായിരുന്നു ഫൈനലിലേക്ക് കേരളത്തിന്‍റെ വാതില്‍ തുറന്ന് നല്‍കിയത്. അതീവ നാടകീയതയോടെയായിരുന്നു അവസാന വിക്കറ്റ് ഗുജറാത്തിന് നഷ്ടപ്പെട്ടത്. 175ാം ഓവറില്‍ ആദിത്യ സര്‍വാതയെ ബൗണ്ടറി കടത്താന്‍ ഗുജറാത്ത് താരം അര്‍സാന്‍ നാഗ് വസ്വല്ലയുടെ ശ്രമം തൊട്ടടുത്ത് നിന്ന ഫീല്‍ഡര്‍ സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മറ്റില്‍ പതിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ക്യാച്ചെടുക്കുകയായിരുന്നു. ഏറെ ആശങ്കകള്‍ക്കൊടുവലായിരുന്നു അംപയർ ഔട്ട് വിളിച്ചത്. ഇതോടെയായിരുന്നു ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് 2 റണ്‍സ് ലീഡ് ലഭിച്ചത്.
നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ 429 റണ്‍സായിരുന്നു ഗുജറാത്തിന്‍റെ സമ്പാദ്യം, അഞ്ചാം ദിനം ലീഡിലെത്താന്‍ 28 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളു. പക്ഷേ കേരളത്തിന്‍റെ ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തിരുന്നു. മത്സരം അവസാനിപ്പിക്കുമ്പോള്‍ 90 പന്തില്‍ 37 റണ്‍സുമായി ജലജ് സക്‌സേനയും 57 പന്തില്‍ 14 റണ്‍സുമായി അഹ്മദ് ഇമ്രാനുമായിരുന്നു ക്രീസില്‍. കേരളത്തിന് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ ജലജ് സക്‌സേനയും ആദിത്യ സര്‍വാതേയും നാല് വിക്കറ്റുകള്‍ വീഴ്ത്തി.