പാലക്കാട്: അന്‍വര്‍ ഷോക്കില്‍ തളര്‍ന്ന സി പി എമ്മിന് പാലക്കാട്ട് തുറുപ്പു ചീട്ടായി ഡോ. പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഉടനെയായിരുന്നു സരിന്‍ ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിനെ ചോദ്യം ചെയ്തത്. നേതൃത്വം നിലപാട് മാറ്റിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും എ. ഐ. സി. സി. തീരുമാന പുനര്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കടുത്ത അച്ചടക്ക ലംഘനമാണ് സരിന്‍ ചെയ്തതെന്നും എ. ഐ. സി. സിയെ ചോദ്യം ചെയ്യാന്‍ പാര്‍ട്ടി അംഗത്തിന് അധികാരമില്ലെന്നും പ്രശ്നങ്ങള്‍ അകത്താണ് പറഞ്ഞ് തീർക്കേണ്ടതെന്നും കെ. പി. സി. സി. നേതൃത്വം അറിയിച്ചു.
അതേ സമയം സരിന്‍റെ പരസ്യ പ്രഖ്യാപനം അറിഞ്ഞയുടനെ സി. പി. എം. മറ്റൊരു ചടുല നീക്കത്തിലേക്ക് നീങ്ങുകയാണ്. സരിനെ ഇടതു സ്വതന്ത്രനായി മത്സരിക്കാന്‍ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി. വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ നാളെ തീരുമാനം പ്രഖ്യാപിക്കും. സരിനുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും സ്ഥാനാര്‍ത്ഥിത്വത്തിന് സരിന്‍ സമ്മതം മൂളിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളെ വൈകുന്നേരത്തോടെ പാലക്കാട്ടെ ചിത്രം വ്യക്തമാവും. സരിന്‍ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ കോണ്‍ഗ്രസിന് തലവേദനയാവും.
അതേ സമയം സരിനുമായി അന്‍വറിന്‍റെ കൂടിക്കാഴ്ച്ച എന്തിനാണെന്ന് ഇതുവരെ വ്യക്തമായില്ല. എന്തൊക്കെ കാര്യങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്തതെന്നും വ്യക്തമല്ല.