വയനാട്ടിലെ ലോക്‌സഭ മണ്ഡലത്തിലും, പാലക്കാട്, ചേലക്കര നിയമസഭ ണ്ഡലത്തിലും ഉപതെരെഞ്ഞൈടുപ്പ് നവംബര്‍ 13ന്.
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കോണ്‍ഗ്രസ് കാണുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തന്‍റെ കന്നിയങ്കത്തിന് ഇറങ്ങുകയാണ് പ്രിയങ്ക ഗാന്ധി. പാലക്കാട് നിയമസഭ മണ്ഡലത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്ക് രമ്യ ഹരിദാസും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ വീണ്ടുമൊരു തെരെഞ്ഞെടുപ്പിന്‍റെ കളത്തിലേക്കിറങ്ങുകയാണ് കേരളം.
വൈകുന്നേരമാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലേക്കുള്ള ലോക്‌സഭ, നിയമസഭ സീറ്റുകളിലേക്കുള്ള ഇലക്ഷന്‍ തീയ്യതി പ്രഖ്യാപിച്ചത്. നവംബര്‍ 13നാണ് ഈ മണ്ഡലങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുക. ഈ മാസം 29 മുതല്‍ പത്രിക സമര്‍പ്പിക്കും. ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ രാജീവ് കുമാറാണ് തിയ്യതി പ്രഖ്യാപിച്ചത്. കേരളത്തെ കൂടാതെ ജാര്‍ഖണ്ഡ് മഹാരാഷ്ട്ര എന്നിവടങ്ങളിലേക്കുള്ള നിയമസഭ തെരെഞ്ഞെടുപ്പ് തിയ്യതികളും പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ് പ്രഖ്യാപനം വന്നതോടെ സ്ഥാനാര്‍ത്ഥികള്‍ ആരാവുമെന്ന ആശങ്കയിലാണ് സി. പി. എമ്മും ബി. ജെ. പിയും. ആനി രാജ വയനാട്ടില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞതോടെ വയനാട്ടില്‍ സി. പി. എം. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമോ എന്നും പോലും ശങ്കയുണ്ട്. അന്‍വറിന്‍റെ നിയമസഭ മണ്ഡലമായ നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും വയനാട്ടില്‍ ഉള്‍പ്പെടുന്നുണ്ട്. മാത്രമല്ല കേന്ദ്രത്തില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായതോടെ സി. പി. എം. മത്സരത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമോ എന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. മാത്രമല്ല കേരള- കേന്ദ്ര സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പ്രഖ്യാപിച്ച ധനസഹായങ്ങളൊന്നും നല്‍കാത്തതും വയനാട്ട് തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തുറുപ്പ് ചീട്ടാവും. പ്രകൃതി ദുരന്തത്തിന്‍റെ നോവോര്‍മ്മകള്‍ അസ്തമിക്കും മുമ്പാണ് ഈ തെരെഞ്ഞെടുപ്പെന്നതും വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് വേദനയുണ്ടാക്കുന്നുണ്ട്. അതേ സമയം ചേലേക്കരയിലും പാലക്കാടും ആരാവും സി. പി. എം. സ്ഥാനാര്‍ത്ഥി എന്ന് കേരളം ഉറ്റു നോക്കുകയാണ്.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിനെതിരില്‍ ബി. ജെ. പി. ശക്തമായ സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കും. ബി. ജെ. പിയുടെ ഏറെ പ്രതീക്ഷയുള്ള മണ്ഡലവും കൂടിയാണ് പാലക്കാട്. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ ശാഫി പറമ്പില്‍ അവസാന ഘട്ടത്തിലാണ് ജയമുറപ്പിച്ചത്. അത് കൊണ്ട് തന്നെ ഇരു പാര്‍ട്ടികളും ശക്തമായ പോരാട്ടത്തിലേക്കിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ശാഫി പറമ്പിലിന്‍റെ പിന്താങ്ങലും കൂടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേര് പാലക്കാട് നിര്‍ദ്ദേശിക്കപ്പെടാന്‍ കാരണം. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്തതിനെതിരെ ബി. ജെ. പി. നേതാവ് പത്മജാ വേണുഗോപാല്‍ ശക്തമായ രീതിയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. കെ മുരളീധരനെ കോണ്‍ഗ്രസ് പരിഗണിക്കാത്തതിലും അവര്‍ പ്രതിഷേധം രേഖപ്പെടുത്തി.