തളിപ്പറമ്പ്: മണിക്കൂറുകളോളം ആശങ്കയുടെ നിഴലില്‍, നോക്കി നില്‍ക്കാനല്ലാതെ മറ്റൊരു മാര്‍ഗ്ഗമുണ്ടായിരുന്നില്ല, നഗരത്തില്‍ കത്തിയെരിഞ്ഞത് 60 കടകള്‍, മൂന്ന് കെട്ടിടങ്ങള്‍. ആദ്യം വന്നെത്തിയ ഫയര്‍ എന്‍ജിനുകള്‍ ആഞ്ഞു ശ്രമിച്ചിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. അവസാനം നാലു മണിക്കൂറുകളുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. അഞ്ച് യൂണിറ്റുകളില്‍ നിന്നുള്ള 12 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിരുന്നു. തീ പിടിത്തത്തിന്‍റെ പിന്നിലുള്ള കാരണങ്ങളൊന്നും വ്യക്തമായിട്ടില്ല. കലക്ടറും പോലീസ് മേധാവിയും അഗ്നിരക്ഷാ സേനയിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു തീ പടര്‍ന്നത്. മാക്‌സ് ക്രോ എന്ന ചെരുപ്പു കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്നാണ് സംശയിക്കപ്പെടുന്നത്. തീ ആളിപ്പടര്‍ന്നതോടെ അടുത്തുള്ള ഷോപ്പുകളില്‍ നിന്ന് ആളുകള്‍ രക്ഷപ്പെട്ടു. ബസ്റ്റാന്‍ഡിന് സമീപത്തെ കെവി കോംപ്ലക്‌സിലെ മൂന്നു കെട്ടിടങ്ങളിലേക്കാണ് തീ പടര്‍ന്ന പന്തലിച്ചത്. ഒരു കെട്ടിടം പൂര്‍ണ്ണമായും രണ്ട് കെട്ടിടങ്ങള്‍ ഭാഗീകമായും കത്തിയെരിഞ്ഞു.
തീപടര്‍ന്ന വാര്‍ത്തയറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പിലെ അഗ്നിരക്ഷാ നിലയത്തിലെ രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അവസാനം അഞ്ച് നഗരങ്ങളില്‍ നിന്ന് 12 യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയര്‍ എഞ്ചിനുകളിലെ വെള്ളം അവസാനിച്ചപ്പോള്‍ കുടിവെള്ള ലോറികളിലാണ് വെള്ളം എത്തിച്ചത്.
ചെരുപ്പ്, വസ്ത്രം, കളിപ്പാട്ടം, പലച്ചരക്ക്, സ്റ്റീല്‍ പാത്രങ്ങല്‍, കഫെ ഉള്‍പ്പടെയുള്ള നിരവധി കടകളാണ് കത്തിയെരിഞ്ഞ ഷോപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നത്. വൈകുന്നേര സമയത്തെ തിരക്കായതിനാല്‍ ബസ്റ്റോപ്പില്‍ ജനങ്ങള്‍ കൂടുതലുണ്ടായിരുന്നു. പുകയും തീയും ഉയര്‍ന്നതോടെ ജനം പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നു. ശക്തമായ തീ പടര്‍ന്നതോടെ നഗരമധ്യത്തില്‍ ഗതാഗതക്കുരുക്കം വര്‍ദ്ധിച്ചു. പോലീസിന്‍റെ സഹായത്തോടെയാണ് ഗതാഗതം സാധാരണ അവസ്ഥയിലേക്ക് മാറ്റിയത്.