കയ്‌റോ: ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്‍റെ അന്തിമ രൂപം ചര്‍ച്ച ചെയ്യാന്‍ നാളെ (ഒക്ടോബര്‍ 13) ഈജിപ്തിലെ ശറം അല്‍ ഷെയ്ക്കില്‍ സമാധാന ഉച്ചകോടി നടക്കപ്പെടും. വിവിധ രാഷ്ട്ര പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തേക്കും. അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയും ചേര്‍ന്നാണ് ഉച്ചകോടി ആതിഥേയത്വം വഹിക്കുന്നത്. അതേ സമയം ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. പക്ഷേ പങ്കെടുക്കുമോ ഇല്ലയോ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് പകരം ഇന്ത്യന്‍ വിദേശ കാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഖത്തറില്‍ നിന്ന് ഈജിപ്തിലെത്തിയ മൂന്ന് നയതന്ത്രജ്ഞര്‍ മിസ്‌റില്‍ അപകടത്തില്‍ മരണപ്പെട്ടു. ഷാ എല്‍ ഷെയ്ക്കില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഖത്തര്‍ പ്രോട്ടോക്കോളില്‍ നിന്നുള്ള അഞ്ച് പേരായാിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര്‍ മരണപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഈജിപ്തിലെത്തിയവരായിരുന്നു അഞ്ച് പേരും.
അമേരിക്കന്‍ പ്രസിഡണ്ടും ഈജിപ്ത് പ്രസിഡണ്ടിനും പുറമെ യുഎന്‍ ജനറല്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സ്ഞ്ചസ്, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുള്‍പ്പടെ 20ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് നാളെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിക്കായ് ഷാം എല്‍ ഷെയ്ക്ക് ഒരുങ്ങിയതായി ഈജിപ്ഷ്യന്‍ പ്രസിഡണ്ടിന്‍റെ ഓഫീസ് അറിയിച്ചു.
ഹമാസ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം നാളെ മുതല്‍ ബന്ദികളെ മോചിപ്പിച്ച് തുടങ്ങും. കരാറനുസരിച്ച് ഇസ്രയേല്‍ സൈന്യത്തിന്‍റെ പുനര്‍വിന്യാസം നടന്ന് 72 മണിക്കൂറിനകം ബന്ദികളെ മോചിപ്പിക്കണം. 2023ന് ശേഷം ഹമാസ് പിടികൂടിയ ഇസ്രയേല്‍ ബന്ദികളില്‍ ഇനി മോചിപ്പിക്കാനുള്ളത് 48 പേരെയാണ്. ഇവരില്‍ 20 പേര്‍ മാത്രമാണ് നിലവില്‍ ജീവനോടെയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ മോചിപ്പിക്കുന്ന 250 പേരുടെ പട്ടിക ഇതിനോടകം ഇസ്രയേല്‍ പുറത്ത് വിട്ടിട്ടുണ്ട്.
നാളത്തെ സമാധാന ഉച്ചകോടിയോടെ ഗസ്സയുടെ സമാധാന കരാര്‍ പൂര്‍ത്തിയാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.