ഒരു വര്‍ഷം പിന്നിട്ടു പുതിയ വര്‍ഷം കടക്കുമ്പോള്‍ ലോകം പ്രതീക്ഷയുടെയും പ്രത്യാശയുടെയും നടുവിലായിരിക്കും. 2025 പിന്നിട്ടു 2026ലേക്ക് ചുവട് വെക്കുമ്പോള്‍ അതു തന്നെ സംഭവിക്കട്ടേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. സൗഹൃദ്ദവും സമാധാനവും മുഖ മുദ്രയാവട്ടേ എന്നാണ് ആദ്യ പ്രാര്‍ത്ഥന. വൈരാഗ്യവും വെറുപ്പും സമ്പാദിക്കുന്ന കൂട്ടത്തില്‍ ഉള്‍പ്പെടാതിരിക്കണം.
2025 ഓര്‍മ്മകളില്‍ ഒരു തീ കനലായി മാറിയത് ഫലസ്തീന്‍ വിഷയം തന്നെയായിരുന്നു. സമാനതകളില്ലാത്ത ക്രൂരതകളാല്‍ നിറഞ്ഞു നിന്ന ഇസ്രയേലിയന്‍ കാട്ടാളത്തം. അതിനപ്പുറം ദയാദാക്ഷിണ്യമില്ലാത്ത പെരുമാറ്റങ്ങളുടെ പ്രകമ്പനങ്ങളായിരുന്നു. ലോകം ഏറെ ഭയത്തോടെ നോക്കിക്കണ്ട ഇറാന്‍-ഇസ്രയേല്‍ യുദ്ധം ഭാഗ്യവശാലാണ് അവസാനിച്ചത്. ഇനിയും അവസാനിക്കാത്ത ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധവും വാഗ്വാദവും അവകാശവാദവുമൊക്കെ 2025ന്‍റെ തീക്ഷണമായ ഓര്‍മ്മകളാണ്. കശ്മീരില്‍ പിടഞ്ഞുവീണ ജീവനകളും പകരമായി സാധാരണക്കാര്‍ ഇരയായ യുദ്ധഭൂമികളും നെടുക്കുന്ന ചിത്രം തന്നെയാണ്. ഇനിയും തുടരുന്ന റഷ്യ-ഉക്രയിന്‍ പ്രശ്‌നം. സെലന്‍സ്‌കിയും-പുടിനും അമേരിക്കന്‍ പ്രിസഡണ്ടിന്‍റെ നേതൃത്വത്തില്‍ പലതവണ യോഗം ചേര്‍ന്നെങ്കിലും ഇപ്പോഴും അവസാനിക്കാത്ത സമസ്യയായി തുടരുന്നുണ്ട്. അമേരിക്കന്‍ തെരെഞ്ഞെടുപ്പിലെ ട്രംപിന്‍റെ വിജയവും അതിനപ്പുറം അപ്രതീക്ഷിതമായ ന്യയോർക്ക് മേയറായ സൊഹ്റാന്‍ മംദാനിയുടെ കടന്നുവരുവുമൊക്കെ ഇതിനോട് കൂട്ടിവായിക്കാം.
എല്ലാത്തിനും ഒരു പരിസമാപ്തിയുണ്ടാവുമെന്ന് പ്രത്യാശിക്കാം. ലോകം സമാധാനത്തിന്‍റെ അന്തരീക്ഷത്തില്‍ ശ്വസിക്കുന്നത് നമ്മുക്ക് സന്തോഷത്തോടെ കാണാം. സമാധനത്തിനും സൗഹൃദ്ദത്തിനും ആര് അവകാശ വാദമുന്നയിച്ചാലും പ്രശ്‌നമില്ലെന്നും നമ്മുക്ക് കരുതാം.
വോട്ട് കൊള്ളയുടെ അതിനീചമായ ജനാധിപത്യത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യമെന്ന് തന്നെയാണ് 2025ന്‍റെ ഇന്ത്യന്‍ ചിത്രം. ആള്‍ക്കൂട്ടക്കൊലയും മതഭ്രാന്തും തുടരുന്ന രാജ്യത്ത് രാഹുല്‍ ഗാന്ധിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും യാത്രയും കണ്ടെത്തലുകളുമൊക്കെ ജനാധിപത്യത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പായ് പ്രതീക്ഷിക്കാം.
സംസ്ഥാനം കാത്തിരിക്കുന്ന ഭരണമാറ്റമായിരിക്കാം 2026ലെ കേരള പ്രതീക്ഷ. 2025ല്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയും മതവര്‍ഗ്ഗിയതയുമടക്കം കേരള സര്‍ക്കാരില്‍ നിന്ന് ജനം അനുഭവിക്കേണ്ടി വന്ന സാഹചര്യങ്ങളാവാം ഈ പ്രതീക്ഷയ്ക്ക് പിന്നില്‍. പക്ഷേ ആര് ഭരിച്ചാലും അത് ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമാത്രമാവണം.
ഏതായാലും മുന്നോട്ടുള്ള ദിനങ്ങളും ആഴ്ച്ചകളും മാസങ്ങളുമൊക്കെ ജനങ്ങള്‍ക്ക് പ്രത്യാശയുടെയും പ്രതീക്ഷയുടെയുമാവട്ടേ എന്ന് പ്രാര്‍ത്ഥിക്കാം. എല്ലാവർക്കും വിശ്വലോകത്തിന്‍റെ ഒരായിരം പുതുവത്സരാശംകള്‍