ബെംഗളുരു: കര്‍ണ്ണാടകയിലെ ധര്‍മസ്ഥലയിലെ വിവാദ വെളിപ്പെടുത്തലില്‍ മണിക്കൂറുകളോളം ശുചീകരണ തൊഴിലാളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). ഇന്നലെ രാവിലെ 11 മണി മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരവും അവസാനിച്ചിരുന്നില്ല. ഡിഐജി എംഎന്‍ അനുചേതിന്‍റെ നേതൃത്വത്തിലുള്ള എസ്‌ഐടിയാണ് ചോദ്യം ചെയ്തത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ശുചീകരണ തൊഴിലാളി നടത്തിയിരിക്കുന്നത്. മല്ലിക്കാട്ടെയിലെ പിഡബ്ല്യുഡി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലായിരുന്നു ഇയാളുടെ ചോദ്യം ചെയ്യല്‍.
1995 മുതല്‍ 2015 വരെ ധര്‍മ്മസ്ഥലയിലെ മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രത്തിന്‍റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നൂറു കണക്കിന് മൃതദേഹങ്ങള്‍ താന്‍ കുഴിച്ചിടാന്‍ നിര്‍ബന്ധിതനായി എന്ന് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലോടെയാണ് കേസിന്‍റെ ആരംഭം. മൃതദേഹങ്ങളുടെ ചിത്രങ്ങളും ഇയാള്‍ മൊഴി നല്‍കിയ സമയത്ത് സമര്‍പ്പിച്ചിരുന്നു. തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം നല്‍കിയാല്‍ പേരുകള്‍ വെളിപ്പെടുത്താനും തയ്യാറാണെന്ന് 48 വയസ്സുള്ള ദളിത് യുവാവും കൂടിയായ ഇയാള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് തുടര്‍ നടപടികള്‍ കൈകൊള്ളുകയെന്ന് എസ് ഐ ടി തലവന്‍ ഡിജിപി പ്രണബ് മൊഹന്തി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച്ച കേസ് അന്വേഷിച്ചിരുന്ന ദക്ഷിണ കന്നഡ പോലീസില്‍ നിന്ന് കേസ് ഫയലുകള്‍ എസ്‌ഐടി സ്വീകരിച്ചു. പ്രത്യേക ഓഫീസും അവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ജൂലൈ 4നായിരുന്നു ഇയാള്‍ ദക്ഷിണ കന്നഡ പോലീസിന് മുമ്പാകെ മൊഴി നല്‍കിയത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ വേണ്ടി കുഴിച്ചെടുത്ത അസ്ഥിക്കൂട അവശിഷ്ടങ്ങളും അന്നേരം ഇയാള്‍ പോലീസിന് കൈമാറിയിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന ആക്ഷേപത്തിനൊടുവിലാണ് ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചത്.
ഇതിനിടെ ഡിസിപി സൗമ്യലത എസ്‌ഐടിയില്‍ നിന്ന് പിന്‍മാറിയതും ഏറെ ചര്‍ച്ചയായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് കേസില്‍ നിന്ന് പിന്‍മാറിയതെന്ന് സൗമ്യലത മേലധികാരികളോട് വെളിപ്പെടുത്തിയിരുന്നു.
2003ല്‍ ധര്‍മ്മസ്ഥലയില്‍ കാണാതായ അനന്യ ഭട്ടിന്‍റെ തിരോധാനമടക്കം ഈ കാലയളവിലെ മുഴുവന്‍ മിസ്സിംഗ് കേസുകളും പരിശോധിക്കുമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടുണ്ട്.