ഹൂസ്റ്റണ്‍: ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ജപ്പാനെ നിലം പരിശാക്കി കാനറികള്‍ പ്രീകോര്‍ട്ടറില്‍ പ്രവേശിച്ചു. 29ാം മിനുറ്റില്‍ കൈഷു സാനോയിലൂടെയാണ് ജപ്പാന്‍ മുന്നിലെത്തിയത്. 56ാം മിനുറ്റില്‍ കാസെമിറോയിലൂടെ ബ്രസീല്‍ സമനില പിടിച്ചു. മത്സരം എക്സട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷമായിരുന്നു മാലാഖയായ് അവതരിച്ച ഗബ്രിയേലിന്‍റെ വിജയ ഗോള്‍. ജയത്തോടെ കാനറികള്‍ പ്രീകോര്‍ട്ടറിലേക്ക് പ്രവേശിച്ചു. 2006ലും ജപ്പാനെ പിന്നില്‍ നിന്ന ശേഷം തോല്‍പ്പിച്ച ചരിത്രത്തിന്‍റെ തനിയാവര്‍ത്തനമായിരുന്നു ഇന്നും ഗ്രൗണ്ടില്‍ കണ്ടത്.
ആദ്യ മിനുറ്റുകളില്‍ ജപ്പാന്‍റെ ആധിപത്യമായിരുന്നു കളി മൈതാനത്ത്. ആദ്യത്തെ 20 മിനുറ്റില്‍ ബ്രസീലിന്‍റെ ഭാഗത്ത് നിന്നും രണ്ട് അറ്റാക്കുകള്‍ നടന്നെങ്കിലും ജപ്പാന്‍റെ ഗോള്‍കീപ്പര്‍ സുസുക്കിയുടെ പ്രതിരോധത്തില്‍ ലക്ഷ്യം കാണാതെ പോവുകയായിരുന്നു.
29ാം മിനുറ്റിലായിരുന്ന ജപ്പാന്‍ കാത്തുനിന്ന നിമിഷം വന്നെത്തിയത്. ബ്രസീലിന്‍റെ മിസ്പാസ് പിടിച്ചെടുത്ത് സാനോ പന്ത് ലക്ഷ്യത്തിലെത്തുകയായിരുന്നു. ആദ്യ പകുതിയില്‍ തുടര്‍ച്ചയായ് പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ബ്രസീലിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ലായിരുന്നു.
രണ്ടാം പകുതിയില്‍ ജാപ്പനീസ് ഗോള്‍മുഖത്തേക്ക് കാനറികളുടെ കടന്നാക്രമണമായിരുന്നു. തുടരെ നടന്ന ആക്രമണത്തില്‍ 56ാം മിനുറ്റില്‍ കാസെമിറോയുടെ ഹെഡറിലൂടെയാണ് ബ്രസീല്‍ ലക്ഷ്യത്തിലെത്തുന്നത്. ഇതോടെ കളി 1-1 ആയി സമനിലയിലെത്തി. പിന്നീട് പരസ്പര ആക്രമണം നടന്നെങ്കിലും ഇരു ടീമിനും ലക്ഷ്യം കാണാന്‍ സാധിച്ചിരുന്നില്ല.
അവസാനം കളി എക്‌സ്ട്രാ ടൈമിലേക്ക് നീളുമെന്ന് തോന്നിച്ച നിമിഷം ഇഞ്ചുറി ടൈമിലായിരുന്നു ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി കാനറികള്‍ക്ക് വിജയഗോള്‍ സമ്മാനിച്ചത്. റഫറി വിസിലൂതാന്‍ മിനുറ്റുകള്‍ മാത്രം ശേഷിക്കെ അടിച്ച ഈ ഗോളോടെ ബ്രസീല്‍ പ്രീ കോര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു. കളിയിലുടനീളം ബ്രസീല്‍ അടിച്ചു കയറ്റിയത് 19 ശ്രമങ്ങളായിരുന്നു. മറുഭാഗത്ത് വെറും അഞ്ച് ഗോള്‍ ശ്രമങ്ങള്‍. കാനറികള്‍ പെനാല്‍ട്ടി ബോക്സില്‍ നിന്ന് ഗോള്‍മുഖത്തേക്ക് അടിച്ചുവിട്ടത് 11 ഷോട്ടുകള്‍ പക്ഷേ മറുവശത്ത് രണ്ട് ഷോട്ടുകള്‍ മാത്രമാണ് ജപ്പാന്‍ അടിച്ചു കയറ്റാന്‍ സാധിച്ചത്.