കണ്ണൂര്‍: സഊദി അറേബ്യയിലേക്ക് കൊണ്ടുപോവാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ നിന്ന് എംഡിഎംഎമ്മും ഹാഷിഷ് ഓയിലും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്‍റെ കയ്യിലായിരുന്നു അയല്‍വാസി ജിസിന്‍ ഗള്‍ഫിലുള്ള സുഹൃത്തിന് നല്‍കാനായി അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു
ഇന്നലെ ഗള്‍ഫിലേക്ക് യാത്ര പോവേണ്ട മിഥിലാജിനോട് ഗള്‍ഫില്‍ നിന്ന് വഹീന്‍ എന്ന സുഹൃത്ത് നിരന്തരം ഫോണ്‍ചെയ്ത് ജിസിന്‍ തരുന്ന അച്ചാര്‍ വാങ്ങണമെന്ന് പറഞ്ഞിരുന്നു. ജിസിന്‍ നല്‍കിയ അച്ചാര്‍ പേക്കറ്റില്‍ സീലില്ലാത്തതും നിരന്തരം വന്ന കോളുമാണ് പിതാവ് അഹമ്മദിന് അച്ചാര്‍ പരിശോധിക്കാന്‍ തോന്നിയത്. അച്ചാര്‍ മറ്റൊരു കുപ്പിയിലേക്ക് മാറ്റിയപ്പോഴാണ് ഉള്ളില്‍ കിടന്ന പാക്കറ്റുകള്‍ കണ്ടതും സംശയം തോന്നി പോലീസിനെ വിളിച്ച് പരിശോധിച്ചപ്പോഴാണ് എംഡിഎമ്മും ഹാഷിഷുമാണെന്ന് ആണെന്ന് ഉറപ്പിച്ചത്.
ജിസിന്‍റെ കൂടെ സുഹൃത്തുക്കളായ കെ പി അര്‍ഷാദ് (31) കെ കെ ശ്രീലാല്‍ (24) എന്നിവരെയും കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതല്‍ അന്വേഷണം നടക്കുന്നു. മിഥിലാജിനെ കുടുക്കാനാണോ ഇത് ചെയ്തത് അല്ലെങ്കില്‍ വിദേശത്തേക്ക് മയക്ക് മരുന്ന് കച്ചവടം നടത്താനാണോ പദ്ധതിയിട്ടത് എന്നൊക്കെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാക്കുള്ളു എന്ന് പോലീസ് പറഞ്ഞു.
വിദേശത്ത് നിന്ന് പിടിക്കപ്പെട്ടിരുന്നുവെങ്കില്‍ മിഥിലാജ് പുറം ലോകം കാണുമായിരുന്നില്ലെന്നു കാരണം സഊദി നിയമത്തില്‍ ഇത് കടുത്ത ശിക്ഷാര്‍ഹമാണെന്നും എന്‍റെ മകനെ കുടുക്കാനുള്ള ശ്രമമാണിതെന്നും പിതാവ് അഹ്മദ് പറഞ്ഞു. അന്വേഷണം കേരളത്തിലേക്ക് വന്നാല്‍ ഇവര്‍ പിടിക്കപ്പെടുമെന്ന് നേരത്തെ അറിയുന്നത് കൊണ്ടാവാം കേവലം 3.40 ഗ്രാം ഹാഷിഷ് ഓയിലും 0.260 ഗ്രാം എംഡിഎംഎയും നല്‍കിയത്. കാരണം ഇത് ഇന്ത്യയില്‍ ജാമ്യം നിഷേധിക്കാനുള്ള വകുപ്പില്ല.
മിഥിലാജ് വ്യാഴാഴ്ച്ച രാത്രി തന്നെ ഗള്‍ഫിലേക്ക് യാത്ര തിരിച്ചു. ഇനിയും ജനങ്ങള്‍ ഇത്തരത്തിലുള്ള വിശ്വാസ വഞ്ചനയില്‍ ഉള്‍പ്പെടരുതെന്നും കനത്ത ജാഗ്രത വേണമെന്നും പോലീസ് അറിയിച്ചു.