ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ജയിലിലായ കേരളത്തിലെ രണ്ട് കന്യാ സ്ത്രീകള്‍ക്ക് എന്‍ ഐ എ പ്രത്യേക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇരുവരും ഇന്ന് വൈകുന്നേരത്തോടെ നടപടി ക്രമങ്ങള്‍ പൂർത്തിയായ ശേഷം പുറത്തേക്ക് വരും. പാസ്‌പോര്‍ട്ട് കെട്ടി വെയ്ക്കണം, രണ്ട് പേര്‍ ജാമ്യം നില്‍ക്കണം, 50000 രൂപയും കെട്ടിയവെയ്ക്കണം എന്നിവയാണ് ഉപാധികള്‍.
കോണ്‍ഗ്രസ് സിപിഎം രാഷ്ട്രീയ നേതാക്കളുടെ അകമഴിഞ്ഞ ഇടപെടലും ജാമ്യം ലഭിക്കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. ഇരു പാര്‍ട്ടിയിലേയും തലമുതിര്‍ന്ന നേതാക്കളും സംഭവ സ്ഥലത്തുണ്ടായിരുന്നു. ജാമ്യ വിവരം കിട്ടിയയുടനെ മധുര വിതരണം നടത്തിയായിരുന്നു ജയിലിന് പുറത്തും നാട്ടിലും ആഘോഷം നടന്നത്. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം കുടുംബം നന്ദി പറഞ്ഞു.
ജോലിക്കായ് കൂടെ കൂട്ടിയ മൂന്ന് പെണ്‍കുട്ടികളുമായി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു കന്യാ സ്ത്രീകളെ മനുഷ്യക്കടത്തെന്ന പേരില്‍ ചത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്. തീവ്ര ഹിന്ദുത്വ സംഘടനകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കാര്യങ്ങളുടെ യാഥാർത്ഥ്യം കൂടെയുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അറിയിച്ചെങ്കിലും അതൊക്കെ ഇവർ തിരസ്‌കരിക്കുകയായിരുന്നു.
മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം എന്നീ കുറ്റങ്ങളാരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. എന്‍ഐഎ നിയമത്തിലെ ഗുരുതരമായ രണ്ട് വകുപ്പുകളാണിത്. സെഷന്‍സ് കോടതിയും മജിസ്‌ട്രേറ്റ് കോടതിയും ജാമ്യം തള്ളിയത് ഇത് എന്‍ഐഎ പ്രത്യേക കോടതിയുടെ പരിധിയിലാണെന്ന കാര്യം പറഞ്ഞായിരുന്നു. ഇന്ന് കോടതി ജാമ്യം അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനെ എതിര്‍ത്തില്ലെന്നത് ഇവര്‍ പുറത്തേക്ക് വരാന്‍ പെട്ടെന്നുള്ള കാരണമായി.