പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയില്‍ പങ്കെടുത്തേക്കില്ല.
ന്യൂഡല്‍ഹി: പുതിയ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പാർലമെന്‍റില്‍ നടക്കുന്ന പ്രതിപക്ഷ ബഹളത്തില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സഭാ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇരു സഭകളിലും അടുത്ത രണ്ട് ദിവസങ്ങളില്‍ 10 മണിക്കൂര്‍ ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. പ്രധാനമന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തേക്കില്ല, പകരം ആഭ്യന്തര മന്ത്രി അമിത്ഷാ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.
തെരെഞ്ഞടുപ്പ് പരിഷ്‌കാരമെന്ന രൂപത്തിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ മുദ്രാവാക്യമുയര്‍ത്തി ഇരു സഭകളും മണിക്കൂറുകളോളും പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു. ‘വോട്ടു കള്ളന്‍ സിംഹാസനം ഒഴിയൂ’ എന്നതടക്കം മുദ്രാവാക്യങ്ങള്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇതോടെയാണ് ആദ്യം ചര്‍ച്ചകള്‍ക്ക് തയ്യാറാവാതിരുന്ന സര്‍ക്കാര്‍ അവസാനം ഇതിന് തയ്യാറായത്. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബുധനാഴ്ച്ച നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ മറുപടി പറയും.
ഇതിനോടകം 20നടുത്ത ബിഎല്‍ഒ (ബുത്ത് ലെവല്‍ ഓഫീസര്‍)മാര്‍ മരിച്ചതുള്‍പ്പടെ ഗുരുതരമായ ആരോപണങ്ങളായിരുന്നു സര്‍ക്കാരിനെതിരെ രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ടത്. സര്‍ക്കാർ അജണ്ടയിലെ വന്ദേമാതരത്തിന്‍റെ 150ാം വാര്‍ഷിക ചര്‍ച്ചയായിരിക്കും ആദ്യം ഇരു സഭകളിലും നടക്കുക. ഇത് 10 മണിക്കൂര്‍ നീണ്ട് നില്‍ക്കും. പ്രധാനമന്ത്രിയും ഇതില്‍ പങ്കെടുത്തേക്കും. ഇതിലെ പ്രതിപക്ഷ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിട്ടുനിന്നാല്‍ ഭരണ പക്ഷം രാജ്യസ്‌നേഹമെന്ന മുതലെടുപ്പ് രാഷ്ട്രീയത്തിന് പ്രതിപക്ഷത്തെ ഇരയാക്കാനും സാധ്യതയുണ്ട്.