ഗസ്സ: ഹമാസിന്‍റെ സായുധ വിഭാഗം ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്‍റെ വക്താവായി സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു അബൂ ഉബൈദ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഇസ്രയേലിന് പല സമയത്തും പല തരത്തിലുള്ള മുന്നറിയിപ്പുകളുമായി സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുമായിരുന്നു. തിങ്കളാഴ്ച്ചയായിരുന്നു ഖസ്സാം ബ്രിഗേഡ്‌സ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തു വിട്ടത്. അതോടൊപ്പം അദ്ദേഹത്തിന്‍റെ പേര് ഹുദൈഫ സമീര്‍ അബ്ദുല്ല അല്‍ കഹ്ലൗത്താണെന്നും അവര്‍ അറിയിച്ചു. ഇതിന് പുറമെ അദ്ദേഹത്തിന്‍റെ ഫോട്ടോയും പുറത്ത് വിട്ടിട്ടുണ്ട്.
അദ്ദേഹത്തോടൊപ്പം ഹമാസ് മുതിര്‍ന്ന നേതാവ് മുഹമ്മദ് സിന്‍വാറിന്‍റെ മരണവും ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ റഫാ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന, മറ്റു നേതാക്കളായ ഹകം അല്‍ ഇസ്സി, റായിദ് സാദ് എന്നിവരും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഗസ്സ സിറ്റിയിലെ റിമാല്‍ മേഖലയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതില്‍ അബൂഉബൈദ കൊല്ലപ്പെട്ടിരുന്നതായി അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. അന്ന് പ്രദേശത്തെ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ നടന്ന അക്രമണത്തില്‍ അവിടെയുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതായിരുന്നു മരണത്തിന് കാരണമായ അക്രമണം.
അതേ സമയം ഇരുവരുടെയും മരണം ഇസ്രയേല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോകളായിരുന്നു അബൂഉബൈദ പുറത്ത് വിട്ടിരുന്നത്. ഹമാസിന്‍റെ ഔദ്യോഗിക കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അറിയിച്ചിരുന്നതും അബൂ ഉബൈദയായിരുന്നു.
2002ലായിരുന്നു അദ്ദേഹം മുതിര്‍ന്ന ഫീല്‍ഡ് ഓപ്പറേറ്റീവായി തെരെഞ്ഞെടുക്കപ്പെട്ടത്. 2005 മുതലാണ് അദ്ദേഹം ഹമാസിന്‍റെയും ഫലസ്തീനിന്‍റെയും ഔദ്യോഗിക ശബ്ദമായി മാറിയത്. എല്ലാ സമയത്തും ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വന്ന് ഇസ്രയേലിനെ വെല്ലുവിളിക്കുമായിരുന്നു. ഇനിയും തിരിച്ചു വരുമെന്ന് പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍ പക്ഷേ അതിനിടെയാണ് ഹമാസിന്‍റെ ഇന്നത്തെ സ്ഥിരീകരണമുണ്ടായത്.