വാഷിങ്ടണ്‍: ന്യുയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറായി സൊഹ്‌റാന്‍ മംദാനി അധികാരമേറ്റു. ഖുര്‍ആന്‍ തൊട്ടായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ. ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന റെക്കോര്‍ഡും കൂടി മംദാനി സ്വന്തമാക്കി.
മാന്‍ഹട്ടനിലെ ചരിത്രപ്രസിദ്ധമായ അബ്വേ സ്റ്റേഷനില്‍ വെച്ചായിരുന്നു ചടങ്ങ്.അറ്റോര്‍ണി ജനറല്‍ ലെറ്റിറ്റ് ജെയിംസാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഭാര്യ റമാ ദുവാജിയും ചടങ്ങില്‍ സന്നിഹിതയായിരുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് മംദാനി സത്യവാചകത്തിന് ശേഷം പ്രതികരിച്ചു. ഈ സ്ഥാനത്തെത്തുന്ന വ്യക്തി രണ്ട് പ്രാവശ്യം സത്യപ്രതിജ്ഞ ചെയ്യുന്ന പതിവുണ്ട്. പഴയ സബ്വേയിലെ സത്യപ്രതിജ്ഞക്ക് ശേഷം മുനിസിപ്പാലിറ്റി ആസ്ഥാനമന്ദിരത്തില്‍ വെച്ചും സത്യവാചകം ചൊല്ലും. മംദാനിയും ഇത് പിന്തുടരും. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും രണ്ടാമത്തെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
അധികാരമേല്‍ക്കുന്നതോടെ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം പൂര്‍ത്തീകരിക്കാനാവുമോ എന്നായിരിക്കും ജനങ്ങള്‍ നോക്കുക. സിറ്റിയില്‍ വാടകയില്‍ ഇളവ്, സൗജന്യ ബസ് സര്‍വ്വീസ്, ആരോഗ്യ സുരക്ഷ ഇതായിരുന്നു പ്രഖ്യാപനങ്ങളിലെ പ്രധാന വാഗ്ദാനങ്ങള്‍. 50 ശതമാനത്തിലേറെ ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹം ജയിച്ചത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനത്തോടെയാണ് മംദാനിയുടെ തെരെഞ്ഞെടുപ്പ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തന്‍റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തെരെഞ്ഞെടുപ്പിന് ശേഷവും അദ്ദേഹം ആവര്‍ത്തിക്കുകയുണ്ടായി. ന്യുയോര്‍ക്കില്‍ അദ്ദേഹത്തെ ജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ വോട്ടുകള്‍ ജൂതന്മാരുടേതാണെന്നതാണ് ഏറെ കൌതുകം.
ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യന്‍ മഹ്മദൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി.