ദുബായ്: അര്‍ദ്ധ ബോധാവസ്ഥയില്‍ ആശുപത്രി കിടക്കയിലിരുന്ന് ചേതനയറ്റ നാല് മക്കളുടെ ഭൗതീക ശരീരം കണ്ട ഒരുമ്മയും കുഞ്ഞനുജത്തിയും, വേദനിക്കുന്ന ശരീരവുമായി മക്കളെ യാത്രയക്കാനെത്തിയ സ്വന്തം പിതാവും, വേദനിക്കാതെ എഴുതാനാവാത്ത അപൂര്‍വ്വ നിമിഷം- നാല് മക്കളുടെ അന്ത്യ യാത്ര പ്രവാസ ലോകത്തിനെ ഒന്നടങ്കമാണ് കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. ദുബായില്‍ കളിച്ചു വളര്‍ന്ന് അവര്‍ ഒന്നിച്ച് ഒരുമ്മയുടെയും വാപ്പയുടെയും മക്കളായ് വളര്‍ന്ന ഭൂമികയില്‍ തന്നെ അന്ത്യ യാത്രയായി.
ഇന്നലെ ആശുപത്രിയില്‍ പ്രതീക്ഷയോടെ കഴിഞ്ഞിരുന്ന നാലാമത്തെ കുഞ്ഞും മരിച്ചതോടെയാണ് അബ്ദുല്‍ ലത്വീഫ് നിയന്ത്രണം വിട്ടു പോയത്. അബൂദാബി-ദുബായ് റോഡിലെ ഗന്തൂത്തിനടത്തുണ്ടായ വാഹനാപകടത്തിലായിരുന്നു മലപ്പുറം തിരൂര്‍ കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്വീഫും കുടുംബവും അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. സംഭവ ദിവസം തന്നെ മൂന്ന് കുട്ടികളും വീട്ടിലെ ജോലിക്കാരിയും മരണത്തിന് കീഴടങ്ങി. എട്ടു വയസ്സുകാരന്‍ അസാമും കൂടി മരണത്തിന് കീഴടങ്ങിയതോടെ കുടുംബത്തിലെ നാല് ആണ്‍ മക്കളും അവർക്ക് നഷ്ടമാവുകയായിരുന്നു.
വീട്ടു വേലക്കാരി ബുഷ്‌റയുടെ ശരീരം എല്ലാ നിയമനടിപടികളും അവസാനിപ്പിച്ച് ഇന്നലെ രാത്രി തന്നെ നാട്ടിലെത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ സംസ്‌കരിക്കുകയും ചെയ്തു. അഷാസ് (14), അമ്മാര്‍ (12), അസാം (8), അയാഷ് (5) എന്നീ നാല് ആണ്‍കുട്ടികളുടെ മൃതദേഹങ്ങളാണ് ഇന്ന് ദുബായിലെ മുഹൈബിനിയിലെ അല്‍ ഷുഹാദ പള്ളിയില്‍ ജനാസ നിസ്‌കാരത്തിന് പിന്നാലെ കബറടക്കിയത്.
അബൂദാബിയില്‍ മയ്യിത്ത് നിസ്‌കാരം കഴിഞ്ഞയുടനെ ഷെയ്ഖ് ഖഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാപിതാക്കളായ അബ്ദുല്‍ ലത്വീഫിനും ഉമ്മ റുക്‌സാനയ്ക്കും സഹോദരി ഇസ്സയ്ക്കും അവസാനമായി കാണിച്ച് ദുബായ് ഖബറിസ്ഥാനിലേക്ക് കൊണ്ട് പോവുകയായിരുന്നു. അന്തിമപോചാരമര്‍പ്പിക്കാന്‍ നൂറു കണക്കിന് പേരാണ് ദുബായിലേക്ക ഒഴുകിയെത്തിയത്.
ശക്തമായ പരുക്കുകളും വേദനകളും അവഗണിച്ച് പിതാവ് അവസാന കര്‍മ്മത്തിന് മുഹൈസിനയില്‍ സന്നിഹതനായിരുന്നു. നാല് മക്കളുടെ ഭൗതീക ശരീരം ആറടി മണ്ണിലേക്ക് പോവുന്ന അതിതീവ്രമായ കാഴ്ച്ച കണ്ട അദ്ദേഹത്തെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും ആ വേദനയില്‍ കൂടെ ചേര്‍ന്നു. ലിവാ ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം നടന്നത്.