തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് അടുക്കും തോറും പാര്‍ട്ടി പാളയത്തില്‍ നിന്ന് അണികളുടെ ഒഴുക്ക് സിപിഎമ്മിന് തലവേദനയാവുന്നു. പഞ്ചായത്ത് നഗരസഭ അംഗങ്ങളുടെ ഒഴുക്ക് പാര്‍ട്ടിക്ക് വലിയ തലവേദനയായി കണ്ടിരുന്നില്ലെങ്കിലും രണ്ട് പ്രമുഖ നേതാക്കളുടെ പിരിഞ്ഞു പോക്കാണ് സിപിഐഎമ്മിന് കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. 15 വര്‍ഷം ദേവികുളം എം എല്‍ ആയിരുന്ന എസ് രാജേന്ദ്രന്‍റെ ബിജെപി പ്രവേശനം ഉറപ്പിച്ചിരിക്കെയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും 15 വര്‍ഷം കൊട്ടാരക്കര എം എല്‍ എയുമായിരുന്ന ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് ചേര്‍ന്നത്. സിപിഎമ്മിന്‍റെ അകത്തുള്ള രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്ന് ശക്തമായി ആരോപിക്കപ്പെടുന്നു.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ പാര്‍ട്ടി വിടുന്ന കാര്യം ഉറപ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുകയായിരുന്നു. ബിജെപി നേതൃത്വത്തിന് മുന്നില്‍ അദ്ദേഹം അഞ്ച് ഉപാധികള്‍ വെച്ചിട്ടുണ്ട്. എല്ലാം ജില്ലയുടെ വികസനത്തിന് വേണ്ടിയുള്ളതാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. അത് സ്വീകരിച്ചാല്‍ അടുത്ത് മൂന്നാറില്‍ നടക്കുന്ന പരിപാടിയില്‍ ഔദ്യോഗികമായി ബിജെപി അംഗത്വമെടുത്തേക്കും.
സിപിഐഎമ്മോട് ഇടഞ്ഞ് നില്‍ക്കുന്ന രാജേന്ദ്രനെ ബിജെപി പാളയത്തിലെത്തിക്കാന്‍ നേതൃത്വം രണ്ട് വര്‍ഷമായി ശ്രമിക്കുന്നുണ്ട്. ബിജെപിക്ക് വേണ്ടി അടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അദ്ദേഹത്തെ പാര്‍ട്ടിയില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് തിരിച്ചെടുക്കാനുള്ള ശ്രമത്തിനൊന്നും അദ്ദേഹം മുതിര്‍ന്നതുമില്ല. അന്നു മുതല്‍ സിപിഎമ്മുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം
രാജേന്ദ്രന്‍റെ പാര്‍ട്ടി പിരിയല്‍ തലവേദന ഒഴിയും മുമ്പ് സിപിഎമ്മിന് അടുത്ത പ്രഹരം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ ശക്തമായ ഓപ്പറേഷനിലൂടെയാണ് ഐഷാ പോറ്റി കോണ്‍ഗ്രസ് പാളയത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഐഷാ പോറ്റി പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. കോണ്‍ഗ്രസലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കളാരും പരസ്യമായി സമീപിക്കാതെ ബ്ലോക്ക് പഞ്ചായത്ത് നേതാക്കളെ കൊണ്ട് കാര്യത്തില്‍ ഇടപെടുകയും ചെയ്തായിരുന്നു കോണ്‍ഗ്രസ് നീക്കം
ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷികത്തില്‍ പങ്കെടുത്തതോടെയാണ് കോണ്‍ഗ്രസ് പ്രവേശനത്തിലേക്ക് ചുവുടവെപ്പ് അടുത്തത്. തീരുമാനം എടുക്കുന്നതില്‍ ആദ്യം വൈമുഖ്യം കാട്ടിയിരുന്നെങ്കിലും കെസി വേണുഗോപാലടങ്ങുന്ന മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് വിളിച്ചതോടെയാണ് പാർട്ടി പ്രവേശനം ഉറപ്പിച്ചത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്പ് പാര്‍ട്ടി പ്രവേശനം ഉറപ്പ് വരുത്താനായിരുന്നു കോണ്‍ഗ്രസ് ശ്രമവും. ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ ഐഷാ പോറ്റി ലോക്ഭവനു മുന്നില്‍ നടക്കുന്ന രാപകല്‍ സമര വേദിയില്‍ വെച്ചാണ് മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്.
2006 മുതലാണ് സിപിഎമ്മിന് വേണ്ടി ഐഷാപോറ്റി നിയമസഭയിലെത്തുന്നത്. 2016ല്‍ മൂന്നാം തവണയും ജയിച്ചിട്ടും മന്ത്രി സഭയില്‍ അംഗത്വം ലഭിച്ചില്ല. 2021ല്‍ ടേം വ്യവസ്ഥയില്‍ അവര്‍ക്ക് സീറ്റ് ലഭിക്കാതായി. വിഎസ് പക്ഷമായതിനാല്‍ പരിപാടികളില്‍ നിന്നും മെല്ലെ തിരസ്‌കരിക്കപ്പെട്ടു. അതോടെയണ് പാര്‍ട്ടിയുമായി മുന്‍ എംഎല്‍എയ്ക്ക് അകല്‍ച്ചയുണ്ടായത്. അടുത്ത തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിയായേക്കും.