ഇറാനുമായുള്ള ചര്‍ച്ചകള്‍ ഒഴിവാക്കി യുഎസ്.
ഇന്ത്യന്‍ പൗരന്മാര്‍ പ്രക്ഷോഭ ഭാഗങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് എംബസി ആഹ്വാനം
ഇന്‍റർനെറ്റ് സ്റ്റാര്‍ലിങ്ക് വഴി പുനഃസ്ഥാപിക്കുമെന്ന് സ്‌പേസ് എക്‌സ്
ടെഹ്‌റാന്‍: പ്രക്ഷോഭം ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ അടിയന്തിരമായി രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. താമസക്കാര്‍, തീര്‍ത്ഥാടകര്‍, ബിസിനസ്സുകാര്‍, വിനോദ സഞ്ചാരികള്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം ബാധകമാണെന്നും അറിയിച്ചു. സൗകര്യപ്പെടുന്ന യാത്ര മാര്‍ഗ്ഗം ഉപയോഗപ്പെടുത്താനാണ് നിര്‍ദ്ദേശം
പ്രതിഷേധങ്ങളോ പ്രക്ഷോഭമോ നടക്കുന്ന സ്ഥലങ്ങള്‍ ഒരു കാരണവശാലും സന്ദര്‍ശിക്കരുതെന്നും പരമാവധി ആ ഭാഗങ്ങളിലുള്ള യാത്രകള്‍ മാറ്റിവെക്കണമെന്നും നിർദ്ദേശത്തിലുണ്ട്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയം പെട്ടെന്ന രജിസ്റ്റര്‍ ചെയ്യണം. എല്ലാവരും ആവശ്യമുള്ള രേഖകളൊക്കെ കൈയ്യില്‍ കരുതണം. ഏത് സഹായത്തിനും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യന്‍ എംബസിയുടെ അടിയന്തിര ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ +989128109115; +989128109109; +989128109102; +989932179359 ഇമെയില്‍ : cons.tehran@mea.gov.in
അതേ സമയം ഇറാനില്‍ പ്രക്ഷോഭത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 2000 കടുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ യുഎസുമായി ചര്‍ച്ചക്ക് തയ്യാറായിരുന്നുവെങ്കിലും അമേരിക്ക ഇനിയൊരു ചര്‍ച്ച ആവശ്യമില്ലെന്ന് നിലപാട് ആവര്‍ത്തിച്ചു. പ്രക്ഷോഭകര്‍ പ്രതിഷേധം ശക്തമാക്കാനും ട്രംപ് ഉത്തരവിട്ടു. നിങ്ങള്‍ക്കുള്ള സഹായം വൈകാതെയെത്തുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. എന്താണ് വാക്ക് കൊണ്ടുള്ള ഉദ്ദേശ്യമെന്ന് വ്യക്തമല്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്‍റർനെറ്റ് വിച്ചേദിക്കപ്പെട്ട ഇറാനില്‍ സൗജന്യ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വഴി ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് ഇലോണ്‍ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് അറിയിച്ചു. ഇന്‍റര്‍നെറ്റ് സേവനം ലഭ്യമായ ഉടനെ ജാമറുകള്‍ ഉപയോഗിച്ച് ഇറാന്‍ സൈന്യം സേവനം തടസ്സപ്പെടുത്തുകയും ചെയ്തു. ഇറാനിലെ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ഇലോണ്‍ മസ്‌കുമായി സംസാരിക്കുമെന്ന് നേരത്തെ ട്രംപ് അറിയിച്ചിരുന്നു.