മലപ്പുറം: കേരളം നിയസഭ തെരെഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ പോര്‍ക്കളത്തിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പോരാട്ട വീര്യമറിയിച്ചിരിക്കുകയാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും. കോണ്‍ഗ്രസിന്‍റെ ആദ്യ 55 മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ലീഗിന്‍റെ വ്യക്തമായ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുതിര്‍ന്ന ലീഗ് നേതാവ് എം കെ മുനീര്‍ ഇടം പിടിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ മണ്ഡലത്തിലേക്ക് ഫൈസല്‍ ബാബുവിനെയാണ് പരിഗണിച്ചിരിക്കുന്നത്. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനത്ത് കെ എം ഷാജി മത്സരിക്കും അതേ സമയം കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ മത്സരിക്കും. രണ്ട് വനിതകളും ലീഗ് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ലിയയും കൂത്തുപറമ്പില്‍ ജയന്തി രാജനുമാണ് ഇടം പിടിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പുറത്ത് വിട്ട ആദ്യ 55 സ്ഥാനാര്‍ത്ഥി പട്ടികയില്‍ എംപിമാര്‍ ആരും ഇടം പിടിച്ചിട്ടില്ല. അടൂര്‍ പ്രകാശും, കെ സുധാകരനും മത്സരത്തിന് താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കണ്ണൂര്‍, കോന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 19 സിറ്റിംഗ് എം എല്‍ എമാര്‍ ഇടം പിടിച്ചു. വൈകാതെ തന്നെ ബാക്കിയുള്ള മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും കൂടി പ്രഖ്യാപിച്ചേക്കും.
കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഇടം പിടിച്ചു.
ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിപിഎമ്മിലെ ഉള്ള് പോരാട്ടങ്ങളെയും കൂടി പരിഗണിച്ചെന്നതാണ് പട്ടികയെ വേറിട്ടതാക്കുന്നത്. അംഗത്വം പുതുക്കാതെ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരന്‍റെ അമ്പലപ്പുഴയിലും സിപിഎം പുറത്താക്കിയ മുന്‍ ജില്ല കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ മത്സരിക്കുന്ന പയ്യന്നൂരിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്‍റെ ഭാര്യ പികെ ശ്യാമളയ്ക്ക് സീറ്റ് നല്‍കിയതിന്‍റെ പേരില്‍ പാര്‍ട്ടിവിട്ട ടികെ ഗോവിന്ദന്‍ മത്സരിക്കുന്ന തളിപ്പറമ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് നീക്കം.
കോണ്‍ഗ്രസ് അംഗത്വം റദ്ദാക്കിയ കെ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് പുതുമുഖമായ സിനിമാ താരം രമേശ് പിഷാരടിയാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. ആദ്യ പട്ടികയില്‍ 9 വനിതകളും ഇടം പിടിച്ചിട്ടുണ്ട്.
ഇലക്ഷന്‍ തിയ്യതി പ്രഖ്യാപിച്ച ഉടനെ സിപിഐയും സിപിഎമ്മും അവരുടെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കഴിവ് തെളിയിച്ചിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് ലീഗിന്‍റെയും കോണ്‍ഗ്രസിന്‍റെയും സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരുന്നത്.