ഓരോ ദിനവും തൂഫാനില്‍ വരുന്ന ന്യൂസുകള്‍ കാണുമ്പോള്‍ മനസ്സിന് സന്തോഷം പകരുന്നുണ്ടെങ്കിലും മറ്റൊരു വശത്തിലൂടെ ഇത് സമുദായത്തിന് ഏറെ ഭയം നല്‍കുന്നുണ്ട്. ജോലിക്കാര്‍, കൂലിപ്പണിക്കാര്‍, എഞ്ചിനീയര്‍മാര്‍, പോലീസന്മാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ പലരും ഇതിന്‍റെ പിടിയിലായപ്പോഴും ഏറെ ആശ്വാസമുണ്ടായിരുന്നത് സമുദായത്തിനെ നേര്‍വഴിയിലേക്ക് നയിക്കുന്ന അദ്ധ്യാപകര്‍ ഇതില്‍ നിന്ന് രക്ഷപ്പെട്ടല്ലോ എന്ന സന്തോഷമായിരുന്നു.
നമ്മുടെ മക്കളെ ചുറ്റിപ്പറ്റി കഞ്ചാവിന്‍റെയും മയക്കുമരുന്നിന്‍റെയും വലിയൊരു ലോകം പണിയാന്‍ ചുറ്റുമുള്ള സാത്താന്‍ സേവകര്‍ വരുമ്പോള്‍ ഏക ആശ്വാസം നമ്മുടെ അദ്ധ്യാപകരും സുരക്ഷാ സേനയും. സ്‌കൂളില്‍ നിന്നും കോളേജില്‍ നിന്നും പോലീസിലേക്ക് അറിയിച്ചു നല്‍കുന്ന നല്ലവരായ അദ്ധ്യാപക കൂട്ടമാണ് പല കണ്ണികളും മുറിക്കാന്‍ സഹായിക്കുന്നതും വിദ്യാര്‍ത്ഥികളെ മാനസീകമായി ഇതില്‍ നിന്ന് പിന്‍മാറ്റുന്നതും.
പക്ഷേ ഇന്ന് വടകരയില്‍ നിന്ന് പിടിക്കപ്പെട്ടത് മൂന്നാമത്തെ അദ്ധ്യാപികയാണ്. മൂന്നില്‍ രണ്ട് പേര്‍ സ്‌പെഷ്യല്‍ എഡ്യൂകേഷന്‍ ടീമും ഒരാള്‍ കായിക അദ്ധ്യാപികയുമാണ്. കയ്യില്‍ വിദ്യാര്‍ത്ഥികളുണ്ടായിരിക്കെ ഇന്‍സ്ടാഗ്രാം വഴി പലര്‍ക്കും എം ഡി എം എ വില്‍പ്പന നടത്തിയതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് അദ്ധ്യാപികമാരുടെ അക്കൗണ്ടിലേക്ക് ഒഴുകി വന്നത് 10 ലക്ഷത്തോളം രൂപ. അതും എംഡിഎംഎ വില്‍പ്പനയിലൂടെ. ഇനിയും ഇതിന് ശൃംഖലയുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ് ഫോര്‍സ്. അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എസ് ഐ ടിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇതില്‍ സ്‌പെഷ്യല്‍ എഡ്യുകേഷനില്‍ ജോലി ചെയ്യുന്ന അദ്ധ്യാപികമാര്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ പലതരം മാനസീക വൈകല്യമുള്ളവരായിരിക്കും. ഈ വിദ്യാര്‍ത്ഥികളെ പരിപാലിക്കേണ്ടവരാണ് ഇന്ന് ഈ പിടിയിലായിരിക്കുന്നത്
കണ്ണില്‍ കാണുന്ന ഒരാളെയും വിശ്വസിക്കരുതെന്ന് സാരം. സംശയമുണ്ടേല്‍ പോലീസിനെ ഉടനടി അറിയിക്കണം. അതുവഴി ഈ സാത്താന്‍ സേവകര്‍ അവസാനിക്കണം. നമ്മുടെ മക്കള്‍ സുരക്ഷിതരാവണം. നാളത്തെ തലമുറ നന്മയില്‍ വളരണം. നമ്മുടെ മക്കളെ പുറത്ത് പഠിക്കാനയക്കുന്ന സമയം പരിസരവും കൂട്ടുബന്ധങ്ങളൊക്കെ നിരന്തരം നീരിക്ഷണത്തിലുണ്ടാവണം. രക്ഷിതാക്കളും അദ്ധ്യാപകരും പോലീസും കൂടിയൊന്നിച്ച് നാട്ടുകാരുടെ സഹായത്തോടെ ഇതിന് അറുതി വരുത്തണം.
ഇതില്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവര്‍ നാട്ടുകാര്‍ തന്നെയാണ്. നാട്ടില്‍ സംശയാസ്പദമായ രീതിയില്‍ വല്ലതും തോന്നുന്നുണ്ടെങ്കില്‍ നാം സദാചാര വക്താക്കളാവുന്നതിന് പകരം അതിന് യോഗ്യരായ കാവല്‍ക്കാരെ വിവരമറിയിക്കണം.
നമ്മുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം, ഇന്നത്തെ പരിസരം മലീമസമാകാതെ സുരക്ഷിതമാക്കാം ,അത് നാളത്തെ തലമുറയെ രക്ഷിക്കാന്‍ സഹായകമായേക്കും.