ഭട്ക്കല്‍: കര്‍ണ്ണാടകയില്‍ അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ ഒരു കുടുംബത്തിലെ എട്ട് പേര് മുങ്ങിമരിച്ചു. ഇതില്‍ ഏഴ് പേര് സ്ത്രീകളാണ്. കക്ക പെറുക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. കര്‍ണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഷിരാലി ഗ്രാമത്തിന് സമീപമുള്ള തട്ടേഹക്കലു വെങ്കടാപുര പുഴയിലാണ് അപകടം സംഭവിച്ചത്. ഷിറാളിയിലെ സരദാഹോള് സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക നിഗമനം
ഇന്ന് രാവിലെ പത്തരയോടെയായിരുന്നു നാടിനെ നെടുക്കിയ സംഭവം. ഇനിയും രണ്ട് പേരെ കണ്ടെത്താനുണ്ട്. കക്ക വാരാന്‍ പതിനാലംഗ സംഘമാണ് പുഴയിലിറങ്ങിയത്. ഇവര്‍ ഈ മേഖലയില്‍ അനുഭവ സമ്പത്തുള്ളവരാണ്. കക്ക വാരി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സംശയിക്കപ്പെടുന്നു. അപ്രതീക്ഷിതമായുണ്ടായ വേലിയേറ്റവും ഒഴുക്കുമാവാം അപകടത്തിന് കാരണമായി പ്രതീക്ഷിക്കപ്പെടുന്നത്.
ഇറങ്ങുന്ന സമയത്ത് വെള്ളം കുറവായിരുന്നു. തിരിച്ചു കയറുന്നതിനിടെയുണ്ടായ ജലനിരപ്പ് ഉയര്‍ച്ചയില്‍ ചിലര്‍ പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പെട്ടത്.
മരണപ്പെട്ടവരെ അടുത്തുള്ള സര്‍ക്കാര്‍ മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ക്ക് ശേഷം ഭൗതീക ശരീരം കുടുംബത്തിന് കൈമാറും. കാണാതായവര്‍ക്ക് കോസ്റ്റ്ഗാര്‍ഡും പോലീസും അഗ്നശമനസേനയും കൂടി ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. ദുരന്തത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം അടിയന്തിര സഹായം പ്രഖ്യാപിച്ചു.