ബാര്‍ബഡോസ്: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസമായി ലോകം വാഴ്ത്തിയ വെസ്റ്റിന്‍ഡീസിന്‍റെ മുന്‍ ഇതിഹാസ നായകനും ഓള്‍ റൗണ്ടറുമായ ഗാരി സോബേഴ്‌സ് അന്തരിച്ചു. 90ാം പിറന്നാള്‍ ആഘോഷിക്കാന്‍ പത്ത് ദിവസം ശേഷിക്കേയായിരുന്നു മരണം. വിന്‍ഡീസിനായി 93 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 8032 റണ്‍സും 235 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റ് ചരിത്രത്തില്‍ 8000 റണ്‍സും 200 വിക്കറ്റുകളും സ്വന്തമാക്കിയ ആദ്യ താരവും അദ്ദേഹം തന്നെയാണ്.
16ാം വയസ്സിലായിരുന്നു സോബഴ്‌സിന്‍റെ ക്രിക്കറ്റ് ജീവിത യാത്രയ്ക്ക് ഔദ്യോഗിക മാനം വന്നത്. ഫസ്റ്റ് ക്ലാസ്സിലെ അരങ്ങേറ്റം. 1958ല്‍ പാക്കിസ്ഥാനെതിരെ ആദ്യ സെഞ്ചുറി നേടിയ അദ്ദേഹം അന്ന് 365 റണ്‍സെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി. 1994ല്‍ വെസ്റ്റിന്‍ഡീസ് താരം ബ്രയാന്‍ ലാറ ആ റെക്കോര്‍ഡ് തകര്‍ക്കുന്നത് വരെ ആ ചരിത്ര നേട്ടവും അദ്ദേഹത്തിന്‍റെ പേരില്‍ തന്നെയായിരുന്നു.
1936ല്‍ ബാര്‍ബഡോസിലായിരുന്നു സോബേഴ്‌സിന്‍റെ ജനനം. 18ാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരായിരുന്നു രാജ്യാന്തര അരങ്ങേറ്റം. ബാറ്റിംഗില്‍ രണ്ട് ഇന്നിംഗ്‌സിലും പരാജയപ്പെട്ടെങ്കിലും നാല് വിക്കറ്റ് സ്വന്തമാക്കി അദ്ദേഹം തന്‍റെ വരവറിയിച്ചു. 1973ല്‍ ഇംഗ്ലണ്ടിനെതിരായിരുന്നു അദ്ദേഹത്തിന്‍റെ ഏകദിന അരങ്ങേറ്റം. അത് തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ കരിയറിലെ അവസാനത്തെ ഏകദിനവും.
ഫസ്റ്റ ക്ലാസില്‍ ആറ് പന്തില്‍ ആറ് സിക്‌സടിച്ച് റെക്കോര്‍ഡും ഗാരി സോബേഴ്‌സിന്‍റെ പേരില്‍ തന്നെയായിരുന്നു. 1968ല്‍ നോട്ടിങ്ങാം ഷെയറിനായുള്ള മത്സരത്തില്‍ ഗ്ലേമോര്‍നെതിരെയായിരുന്നു ആ നേട്ടം. വെസ്റ്റിന്‍ഡീസിലെ അന്നത്തെ ക്യാപ്റ്റനായിരുന്നു സര്‍ ഫ്രാങ്ക് വോറല്‍ സ്ഥാനമൊഴിഞ്ഞതോടെ ക്യാപ്റ്റന്‍ സ്ഥാനവും സോബേഴ്‌സിനെ തേടിയെത്തി. അദ്ദേഹം 39 മത്സരങ്ങളില്‍ ടീമിനെ നയിച്ചു.
അദ്ദേഹത്തിന്‍റെ മകന്‍ ഡാനിയേലാണ് ഗാരി സോബേഴ്‌സിന്‍റെ മരണ വിവരം പുറത്ത് വിട്ടത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് മികച്ച പുരുഷ ക്രിക്കറ്റര്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കുന്ന പുരസ്‌കാരത്തിന്‍റെ പേര് ‘സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി’ എന്ന് നാമകരണം ചെയ്തത്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ ഇന്ത്യ അനുശോചനം അറിയിച്ചു.