ലഖ്‌നോ: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ബാബറി മസ്ജിദിന് പകരം മുസ്ലിംകള്‍ക്ക് അനുവദിക്കപ്പെട്ട അഞ്ചേക്കറില്‍ നിര്‍മ്മാണത്തിന് പദ്ധതിയിട്ടിരുന്ന വമ്പന്‍ പദ്ധതികള്‍ ഒഴിവാക്കുന്നു. വേണ്ടത്ര ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് ചില പദ്ധതികള്‍ ഒഴിവാക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അറിയിച്ചു. സമുദായത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെട്ട രൂപത്തില്‍ ഫണ്ട് ലഭിച്ചില്ലെന്നതാണ് കാരണം.
2019ലായിരുന്നു വിവാദങ്ങള്‍ക്കൊടുവില്‍ 5 ഏക്കര്‍ സ്ഥലം മുസ്ലിങ്ങള്‍ക്ക് പള്ളിക്കായ് അനുവദിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ബാബരി മസ്ജിദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ധന്നിപ്പൂര്‍ ഗ്രാമത്തില്‍ പള്ളിക്കായ് സ്ഥലം അനുവദിക്കപ്പെട്ടു. ഇവിടെ പള്ളിയടക്കം പല പദ്ധതികളും നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചത്..
പദ്ധതിയനുസരിച്ച് പള്ളിയടക്കം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും ലൈബ്രറിയും നിര്‍മ്മാണ പദ്ധതിയിലുണ്ടായിരുന്നു. വലിയൊരു തുകയായിരുന്നു ഇതിന് ചിലവ് പ്രതീക്ഷിച്ചിരുന്നത്. ജനങ്ങളില്‍ നിന്ന് വേണ്ടവധത്തിലുള്ള പിന്തുണയും ഫണ്ടും ലഭിക്കാത്തതിനാലാണ് ചില പദ്ധതികള്‍ ഒഴിവാക്കുന്നത്. ഇതില്‍ പള്ളിയുടെ വലിപ്പവും ചുരുക്കാന്‍ തീരുമാനിച്ചതായി ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖി അറിയിച്ചു.
ഏകദേശം 3 കോടിയാണ് മുഴുവന്‍ ചിലവ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ ഒന്നരക്കോടി മാത്രമാണ് ലഭ്യമായത്. അതിനാലാണ് പദ്ധിതി പുനരാലോചിക്കാന്‍ തീരുമാനമായത്.
2019ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ഇദ്ദേഹത്തിന് പുറമെ ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എശ് അബ്ദുല്‍ നസീര്‍ എന്നിവാരിയിരുന്നു ബെഞ്ചിലുണ്ടായിരുന്നത്. ബാബറിയുടെ സ്ഥലം ക്ഷേത്ര നിര്‍മ്മാണത്തിനായ് സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറാനും പകരം ധന്നിപ്പൂര്‍ വില്ലേജില്‍ മുസ്ലിംകളുടെ പള്ളിനിര്‍മ്മാണത്തിന് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നായിരുന്നു സുപ്രിം കോടതിയുടെ വിധി.