കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച ആഡംബര ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ വാഹനമോടിച്ച പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകനാണ് ജാമ്യം ലഭിച്ചത്. അതേസമയം, ഡ്രൈവിംഗ് ലൈസൻസില്ലാത്ത മകന് വാഹനം വിട്ടുനൽകിയതിന് കാറിന്റെ ആർ.സി ഉടമ കൂടിയായ ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കാൻ ചേരാനല്ലൂർ പോലീസ് നടപടികൾ ആരംഭിച്ചു.
ഞായറാഴ്ച പുലർച്ചെ 2.20-ഓടെ ചേരാനല്ലൂരിലായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. തട്ടുകടയിലെ ജോലി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ (55) സ്കൂട്ടറിന് പിന്നിൽ ബെൻസ് കാർ പാഞ്ഞുകയറുകയായിരുന്നു. ശക്തമായ ഇടിയിൽ സ്കൂട്ടർ പൂർണമായും തകരുകയും ജയബാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീണ് ദാരുണമായി മരണപ്പെടുകയും ചെയ്തു.
ആലുവയിലെ ഫ്ലാറ്റിൽ നിന്നാണ് വാഹനം എടുത്തതെന്ന് പതിനേഴുകാരൻ പോലീസിന് മൊഴി നൽകി. വെറുതെ കറങ്ങാനിറങ്ങിയതാണെന്നും ചേരാനല്ലൂരിൽ നിന്ന് തിരികെ ആലുവയിലേക്ക് മടങ്ങുന്നതിനിടെ കനത്ത മഴ കാരണം റോഡിലെ സ്കൂട്ടർ കാണാൻ സാധിച്ചില്ലെന്നുമാണ് കുട്ടി പോലീസിനോട് പറഞ്ഞത്. ഫ്ലാറ്റിന്റെ താഴെ പാർക്ക് ചെയ്തിരുന്ന കാർ എടുത്തു കൊണ്ടുപോയ വിവരം മൂന്നാം നിലയിലായിരുന്ന വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നും മൊഴിയിലുണ്ട്. മകൻ കാറെടുത്ത വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും ആദ്യമായാണ് കുട്ടി വാഹനം ഓടിക്കുന്നതെന്നുമാണ് പിതാവ് പോലീസിനോട് വിശദീകരിച്ചത്.
പൊതുനിരത്തിൽ അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ച് ജീവഹാനിയുണ്ടാക്കിയതിന് ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകളായ 281, 106 (1) എന്നിവ പ്രകാരമാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. വാഹനം ഓടിച്ചയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാകുന്നതിനായി രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്ന മുറയ്ക്ക് ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.