ന്യൂഡല്‍ഹി: സിജെപി മുഖ്യ വക്താക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചു. പോലീസിന്റെ ആവശ്യ പ്രകാരം ഇരുവരെയും രണ്ട് ദിവസത്തേക്ക് കൂടി റിമാന്‍ഡില്‍ വിട്ടു. രണ്ടാളുകളും തിഹാര്‍ ജയിലില്‍ തുടരും.
ഒക്ടോബര്‍ 13നായിരുന്നു ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചതിന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ജന്തര്‍ മന്തറില്‍ സിജെപിയുടെ പ്രതിഷേധ പരിപാടിക്ക് പോലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെയായിരുന്നു ഇരുവരും ബാരിക്കേട് മറികടന്ന് ജന്തര്‍ മന്തറിലേക്ക് പ്രവേശിച്ചത്. അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആദ്യം അഞ്ച് ദിവസത്തെ റിമാന്‍ഡിന് വിട്ടു. തുടര്‍ന്ന് ഇരുവരെയും തിഹാര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
കോടതി വിധി വിചിത്രമെന്നാണ് സിജെപി നേതാക്കള്‍ ഇതിനെതിരെ പ്രതികരിച്ചത്. സിജെപി നേതാവ് അഭിജിത് ദീപ്കെയുയം ഐസ പ്രസിഡണ്ട് നേഹാ ബോറയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇരുവരെയും ജാമ്യത്തില്‍ വിട്ടിരുന്നു.
മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി ഡല്‍ഹിയില്‍ സമരം പ്രഖ്യാപിച്ചത്. ജന്തര്‍ മന്തറായിരുന്നു ലക്ഷ്യമെങ്കിലും ഡല്‍ഹി പോലീസ് അതിന് അനുമതി നിഷേധിക്കുകയായിരുന്നു. പ്രതിഷേധവും സമരവുമായി മുന്നോട്ട് പോവുമെന്നാണ് സിജെപി വക്താക്കള്‍ അറിയിക്കുന്നത്.