ദുബായ്: ഇറാനെതിരായുള്ള സൈനീക നീക്കം യുഎസ് ശക്തമാക്കുമെന്ന് മുന്നറിയിപ്പിനിടെ ശക്തമായ നിലപാടുമായ് യുഎഇ. തങ്ങളുടെ വ്യോമപാതയോ സമുദ്രവഴിയോ ഭൂപ്രദേശമോ ഇറാനെതിരെയുള്ള യുദ്ധത്തിനായ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഇറാനിലേക്ക് യുദ്ധ സാമഗ്രികളുമായ് യുഎസ് കപ്പല്‍ പുറപ്പെട്ടുവെന്ന് ഡോണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ യുഎഇ നിലപാടറിയിച്ചത്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് യുഎഇ എന്നും പരിശ്രമിച്ചിട്ടുള്ളതെന്നും രാജ്യാന്തര നിയമങ്ങള്‍ ബഹുമാനിക്കുകയും അംഗീകരിക്കുകയും രാജ്യത്തിന്‍റെ പരമാധികാരത്തെ അങ്ങേയറ്റം മാനിക്കുകയും ചെയ്യുന്നതാണ് യുഎഇയുടെ പാരമ്പര്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഴ്ച്ചയായിരുന്നു സമാന നിലപാടുമായി സൗദി അറേബ്യയും രംഗത്ത് വന്നത്. മധ്യേഷ്യയില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎഇയുടെ നിലപാട് ഏറെ ആശ്വാസം നല്‍കുന്നതാണ്. അതേ സമയം സുരക്ഷ ഭീഷണി ഉന്നയിച്ച് ചില രാജ്യങ്ങള്‍ മധ്യേഷ്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഫ്രാന്‍സും ഹോളണ്ടുമാണ് നിലവില്‍ ഇത്തരം നിലപാടെടുത്തതായ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍ഡിഗോയും ചില വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
അമേരിക്കയുടെ ഏത് ചെറിയ ആക്രമണവും യുദ്ധമായി തന്നെ കാണുമെന്നും ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനേയി പ്രസ്താവനയില്‍ പറഞ്ഞത്. മധ്യേഷ്യയിലെ മുഴുവന്‍ രാജ്യത്തുള്ള അമേരിക്കന്‍ താവളങ്ങള്‍ക്കും ഇറാന്‍ കടുത്ത രൂപത്തിലാണ് ഭീഷണി പുറപ്പെടീച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളുടെ നിലപാടുകള്‍ എന്താവുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍.