റിയാദ്/അബൂദാബി: സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ ഹിജ്ജ ഒന്നായിരിക്കുമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ഇതടിസ്ഥാനത്തില്‍ ജൂണ്‍ 5 വ്യാഴം അറഫാ ദിനവും ജൂണ്‍ 6 വെള്ളി ബലിപെരുന്നാളുമായിരിക്കും.
ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കത്തിന് സഊദി തയ്യാറായി. ജൂണ്‍ നാല് (ദുല്‍ ഹിജ്ജ 8)നാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാവുക. ജൂണ്‍ 9 (ദുല്‍ ഹിജ്ജ 13) ആവുമ്പോഴേക്കും ഹാജിമാര്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് തിരിക്കും.
അതേ സമയം വൈകുന്നേരം 7.05ന് അബൂദാബിയിലെ അല്‍ ഖാതിമില്‍ ചന്ദ്രപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തില്‍ യുഎഇിലും നാളെ ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് യുഎഇ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒമാനിലും മാസപ്പിറവി ദൃശ്യമായിട്ടുണ്ട്. ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ അപൂര്‍വ്വമായി ഒന്നിച്ച് പെരുന്നാളാഘോഷിക്കും.
കേരളത്തില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ദുല്‍ ഹിജ്ജ 1 വ്യാഴമായിരിക്കുമെന്നും പെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച്ച ആയിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.