ന്യൂഡല്‍ഹി: ഇമിഗ്രേഷന്‍ പരിശോധനയില്ലാതെ മൂന്ന് ഇറ്റാലിയന്‍ പൗരന്മാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് പറന്നു. എയര്‍ ഇന്ത്യയുടെ ഈ ഗുരുതര വീഴ്ച്ചയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസയിച്ചു വിശദീകരണം തേടി. ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഗുരുതര വീഴ്ച്ചയ്ക്ക് കാരണമായ സംഭവം നടന്നത് സെപ്തംബര്‍ നാലിനാണ്. അര്‍ദ്ധ രാത്രി 12.50നാണ് മൂന്ന് ഇറ്റാലിന്‍ പൗരന്മാര്‍ അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യയുടെ എഐ-1115 വിമാനത്തില്‍ ഡല്‍ഹിയിലെത്തിയത്. ഇവര്‍ 1.45ഓടെ മ്യൂണിക്കിലേക്കുള്ള ലുഫ്താന്‍സയുടെ എല്‍ എഫ് 0763 വിമാനത്തില്‍ നാട്ടിലേക്ക് പറക്കുകയും ചെയ്തു. പക്ഷേ രാജ്യം വിടുന്നതിന് മുമ്പ് ഇവര്‍ ഇമിഗ്രേഷന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ടിട്ടില്ല.
കേന്ദ്രത്തിന്‍റെ നിരീക്ഷണമനുസരിച്ച് അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഡൊമിസ്റ്റിക്ക് ബോര്‍ഡിങ് പാസുകള്‍ മാത്രമാണ് നല്‍കാറുള്ളത്. ബാക്കിയുള്ള നടപടി ക്രമങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തിലാണ് നടത്തേണ്ടത്. പക്ഷേ അമൃത്സറില്‍ നിന്ന് തന്നെ ഈ മൂന്ന് വിദേശ പൗരന്മാര്‍ക്കും എയര്‍ ഇന്ത്യ മ്യൂണിക്കിലേക്കുള്ള വിമാനത്തിന്‍റെ ബോര്‍ഡിങ് പാസുകളും കൈമാറി. ഇതിനെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ചോദ്യം ചെയ്തത്.
രാജ്യാന്തര വിമാന യാത്ര നടത്തുന്നവരെ ചെറിയ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനത്താവളത്തിലേക്കെത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ഹബ് ആന്‍ഡ് സ്‌പോക് എന്ന സംവിധാനത്തിലൂടെയാണ് ഇവര്‍ ഡല്‍ഹിയിലേക്കെത്തിയത്.