സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചില്‍ നടക്കുന്ന ജൂതരുടെ ഹനൂക്ക ആഘോഷത്തിനിടെ ഭീകരാക്രണം. രണ്ട് പേര്‍ ചേര്‍ന്ന് നടത്തിയ വെടിവെയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.17ഓടെയാണ് സംഭവം നടന്നത്. ഭീകരിലൊരാളെ പോലീസ് നേരിട്ടുള്ള ഏറ്റുമുട്ടലില്‍ വധിച്ചു. മറ്റൊരാളെ നിരായുധനായ സാധാരണക്കാരന്‍ പിന്നില്‍ നിന്ന് വന്ന് കീഴടക്കുകയായിരുന്നു. സിഡ്‌നിയിലെ പഴക്കച്ചവടക്കാരനായ അഹ്മദ് അല്‍ അഹ്മദ് ആയിരുന്നു ഈ സാഹസത്തിന് ജീവന്‍ പണയം വെച്ച് മുന്നോട്ട് വന്നത്. ഭീകരവാദിയെ കീഴടക്കുന്ന അഹ്മദിന്‍റെ വീഡിയോ ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റ് കോർപറേഷനാണ് പുറത്ത് വിട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ ജനം നിറ കയ്യുകളോടെ ഏറ്റെടുത്തു. രണ്ട് വെടയേറ്റിട്ടും വീര്യം ചോരാത്ത അഹ്മദിന്‍റെ ധീരതയ്ക്ക് സല്യൂട്ടടിച്ചാണ് ലോകം സ്വീകരിച്ചത്.
നടന്നത് ഭീകരണാക്രമണമാണെന്ന് ന്യൂസൗത്ത് വെയില്‍സ് പോലീസ് ഔദ്യോഗിമായി സ്ഥിരീകരിച്ചു. ഭീകരവാദികളുടെ വാഹനത്തില്‍ നിന്നും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നവീദ് അക്രമെന്നാണ് അക്രമികളിലൊരാളെന്ന് പോലീസ് അറിയിച്ചു. പക്ഷേ ഇയാള്‍ കൊല്ലപ്പെട്ടയാളാണോ പിടിക്കപ്പെട്ട അക്രമിയാണോ എന്ന കാര്യം പോലീസ് പുറത്ത് വിട്ടിട്ടില്ല. അക്രമിയുടെ വീടും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായാണ് വിവരങ്ങള്‍ സ്വാകാര്യമാക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. എന്തിനാണ് അക്രമികള്‍ ഇത് ചെയ്തതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആശുപത്രിയില്‍ കഴിയുന്ന അക്രമിയെ ചോദ്യം ചെയ്തായിരിക്കും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുക.
ബോണ്ടി ബീച്ചിലെ കൂട്ടക്കൊല വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതും പേടിപ്പെടുത്തുന്നതുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് വ്യക്തമാക്കി. ഒരു ജൂതന്‍ അക്രമിക്കപ്പെട്ടാലും അത് ഓസ്‌ട്രേലിയന്‍ ജനതയ്ക്കാണ് മുറിവേല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂതന്മാരുടെ താമസസ്ഥലങ്ങളില്‍ കനത്ത സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഹനൂക്ക ജൂതന്മാരുടെ ആഘോഷമാണ്. അത് വെളിച്ചത്തിന്‍റെ ഉത്സവമായാണ് കരുതപ്പെടുന്നത്. എട്ടു ദിവസം നീണ്ട് നില്‍ക്കുന്ന ഈ ആഘോഷം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രീക്കുകാരുടെ മേല്‍ അവര്‍ നേടിയ വിജയത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. ആ ഓര്‍മ്മയില്‍ വിളക്കുകള്‍ തെളിച്ചും പാട്ടും ഡാന്‍സുമായി ജനം ആഘോഷിക്കും. അത് കൊണ്ടാണ് ഇത് വെളിച്ചത്തിന്‍റെ ഉത്സവം എന്ന പേരില്‍ അറിയപ്പെടുന്നതും.