ധാക്ക: 2026 ട്വന്‍റി ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബംഗ്ലാദേശ് കളിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. ജനുവരി 21നകം അന്തിമ തീരുമാനം അറിയിക്കണമെന്നും സ്‌കോട്ട്‌ലാന്‍ഡിനെ പകരക്കാരായി ഉള്‍പ്പെടുത്തുമെന്നും ഐസിസി ഭീഷണി മുഴക്കിയിരുന്നു. ഭീഷണിക്ക് മുന്നില്‍ അടിയറവ് വെക്കുകയില്ലെന്നും അഭിമാനമാണെന്ന് വലുതെന്നും ബംഗ്ലാദേശ് കായിക മന്ത്രാലയം ഉപദേഷ്ടാവ് ആസിഫ് നസ്‌റുള്‍ വ്യക്തമാക്കി.
ബിസിസിഐയുടെ താത്പര്യങ്ങള്‍ക്ക് ഐസിസി വഴങ്ങുകയാണെന്നും അംഗീകരിക്കാനാവത്ത വ്യവസ്ഥകള്‍ തങ്ങളുടെ അടുത്ത് വിലപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശില്‍ നടക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളുടെ പിന്നാലെ ഇന്ത്യയില്‍ ചിലരുണ്ടാക്കിയ അനാവശ്യ വിവാദങ്ങളായിരുന്നു ഈ പ്രതിസന്ധിക്ക് പിന്നില്‍. അതോടൊപ്പം ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്താക്കുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.
ഇന്ത്യയില്‍ കളിക്കാനില്ലെന്നും ബംഗ്ലാദേശിന്‍റെ മുഴുവന്‍ മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബിസിബിയുടെ ആവശ്യം. നിലവില്‍ എല്ലാം തയ്യാറാക്കിയിരിക്കെ മാറ്റം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിക്കുമെന്നും അതിനനുസരിച്ച് മത്സര ക്രമത്തില്‍ മാറ്റം വരുത്തണമെന്നും അത് വലിയ പ്രയാസമാണെന്നുമായിരുന്നു ഐസിസി പ്രതികരിച്ചത്. അത് കൊണ്ട് ഈ നിലപാടില്‍ മാറ്റമില്ലെന്നും ബംഗ്ലാദേശ് പങ്കെടുക്കുന്നില്ലെങ്കില്‍ പകരം സ്‌കോട്ട്‌ലാന്‍ഡിനെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുമെന്നും ഐസിസി വ്യക്തമാക്കി.
ഗ്രൂപ്പ് സിയില്‍ കളിക്കുന്ന ബംഗ്ലാദേശിന് എതിരാളികായുള്ളത് ഇറ്റലി, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍ എന്നിവരാണ്. ഫെബ്രുവരി 7ന് കൊല്‍ക്കത്തിയലാണ് ബംഗ്ലാദേശിന്‍റെ ആദ്യ മത്സരം. നിലവിലെ മത്സരക്രമമനുസരിച്ച് രണ്ട് മത്സരം കൊല്‍ക്കത്തയിലും ഒരു മത്സരം മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലുമാണ്.