ഇന്‍ഡോര്‍: യാചക മുക്ത പട്ടണമെന്ന സ്വപ്‌ന യാഥാര്‍ത്ഥ്യത്തിലേക്ക് ചുവടുവെക്കുന്ന ഇന്‍ഡോര്‍ ഓരോ ദിവസവും യാചകരെ പുനരധിവസിക്കാനുള്ള പദ്ധതികള്‍ ആസുത്രണം ചെയ്തു വരികയാണ്. പദ്ധതിയുടെ ഭാഗമായാണ് ഇന്ന് നഗരസഭ ഉദ്യോഗസ്ഥർ ഒരു യാചകന്‍റെെ അരികിലെത്തിയത്. ചക്രങ്ങള്‍ ഘടിപ്പിച്ച ചതുര പലകയില്‍ കൈകള്‍ ഉപയോഗിച്ച് മുന്നോട്ട് നീങ്ങുന്ന ഒരു പാവം തോന്നിക്കുന്ന പ്രായമായ മനുഷ്യന്‍. കാലുകള്‍ക്ക് ചലന ശേഷിയില്ലാത്തതിനാലാണ് ഇയാള്‍ കൈകള്‍ കൊണ്ട് ചലിക്കുന്നത്. മന്‍കിലാല്‍ എന്ന ഭിക്ഷകനെയായിരുന്നു നഗരസഭ ഉദ്യോഗസ്ഥര്‍ ഇന്ന് പുനരിധിവാസ കേന്ദ്രത്തില്‍ എത്തിച്ചത്. പക്ഷേ സാധാരണ യാചകനെ പോലെയായിരുന്നില്ല, യാചകന്‍റെ സമ്പാദ്യത്തെ കുറിച്ചും കഥയും കേട്ടപ്പോഴാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ അന്ധാളിച്ചത്.
നഗരത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇയാള്‍ യാചന നടത്തുന്നുണ്ട്. ഇരു കാലുകള്‍ക്കും ചലനശേഷിയില്ലാത്തതിനാലും കയ്യില്‍ ഷൂ ഇട്ട് പലകയില്‍ മുന്നോട്ട് പോവുന്ന ദയനീയ കാഴച്ച കണ്ടും പലരും അയാളെ സഹായിക്കുന്നു. ദിനം ആയിരം രൂപയോളം വരുമാനമുള്ള മന്‍കിലാലിന് സ്വന്തമായി മൂന്ന് വീടുകളുണ്ട്. മധ്യപ്രദേശിലെ ഭഗത്സിങ് നഗറില് മൂന്ന് നിലയുള്ള വീടും ശിവ് നഗറില്‍ 600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ഒരു ഫ്‌ളാറ്റും സ്വന്തമായി തനിക്കുള്ളതായി അയാള്‍ വിശദീകരിച്ചു.
ഇതോടൊപ്പം നഗരത്തില്‍ വാടകയ്ക്ക് ഓടുന്ന മൂന്ന് ഓട്ടോ റിക്ഷകളും ഇയാള്‍ക്ക് സ്വന്തമായുണ്ട്. സ്വന്തമായി ഒരു സെഡാന്‍ കാറുള്ള മന്‍കിലാല്‍ ഭിക്ഷാടത്തിനായി ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത് സ്വന്തം കാറിലാണ്. കാലുകള്‍ ചലനശേഷിയില്ലാത്തതിനാലും ഡ്രൈവിംഗ് പ്രയാസമുള്ളതിനാലും ഒരു ഡ്രൈവറിനേയും നിയമിച്ചു. ഇതിന് പുറമെ പലിശയ്ക്ക് ആളുകള്‍ പൈസ നല്‍കിയും ഇയാള്‍ സമ്പാദിക്കുന്നുണ്ട്.
ഗവണ്‍മെന്‍റില്‍ നിന്ന് ഭീന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യവും ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ആവസ് യോജന (pmay) പദ്ധതി പ്രകാരമാണ് അയാള്‍ ഒരു വീട് സ്വന്തമാക്കിയത്. വൈകല്യമുള്ളവര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ആനുകൂല്യമാണ് ഈ വീട്.
ഇന്‍ഡോര്‍ നഗരത്തെ യാചന മുക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സാമൂഹ്യ ക്ഷേമ വകുപ്പും നഗരസഭയും ചേര്‍ന്ന കര്‍ശനമായ പരിശോധന നടത്തിയത്. ഇയാള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ നിയമ നടപടിക്കൊരുങ്ങുകയാണ്. അനര്‍ഹമായ നേടിയ സര്‍ക്കാര്‍ ആനുകൂല്യം തിരിച്ച് പിടിക്കാനും ഇയാളുടെ സമ്പാദ്യത്തെ കുറിച്ചുള്ള വിശദമായ അന്വേഷണം നടത്താനും നഗരസഭ ഇതിനോടകം നടപടി സ്വീകരിച്ചു കഴിഞ്ഞു.