ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍
ഇന്നലെ യുഎഇ 13 മിസൈലുകളും 39 ഡ്രോണുകളും പ്രതിരോധിച്ചു
അബൂദാബി: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക തമ്മില്‍ നടക്കുന്ന യുദ്ധത്തിന്‍റെ 12ാം ദിവസം യുഎഇയിലെ എയര്‍പോര്‍ട്ടിനടുത്ത് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ച ദുബായിലെ ക്രീക്ക് ഹാര്‍ബറിനടത്തുള്ള താമസ കെട്ടിടത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ചെറിയ നാശനഷ്ടം മാത്രം റിപ്പോര്‍ട്ട് ചെയ്തു. ആളുകളെ സമയോചിതമായ ഇടപടെലുകള്‍ കൊണ്ട് ഒഴിപ്പിച്ചു. കെട്ടിടത്തിലെ എല്ലാവരും സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ മാത്രം നടന്ന ഇറാന്‍റെ ആക്രമണത്തില്‍ 13 മിസൈലുകളും 39 ഡ്രോണുകളും പ്രതിരോധിച്ചു. ഇതില്‍ 7 ക്രൂയിസ് മിസൈലും 6 ബലിസ്റ്റിക് മിസൈലുമാണ്. ഇന്നലെ മാത്രം 9 ആളുകള്‍ക്ക് പരിക്കേറ്റതായും യുഎഇ അറിയിച്ചു.
യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ 1514 ഡ്രോണുകളും 268 ബലിസ്റ്റിക്ക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളുമാണ് യുഎഇ പ്രതിരോധിച്ചത്. 131 പേര്‍ക്ക് പരിക്കേറ്റതായും 6 പേര്‍ മരണപ്പെട്ടതായും യുഎഇ അറിയിച്ചു. മരണപ്പെട്ടവരില്‍ യുഎഇ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരമാരാണുള്ളത്
അതേ സമയം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ നടക്കുന്ന ഈ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി. യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ജോര്‍ദ്ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം അഴിച്ചി വിട്ടിരിക്കുന്നത്. ഈ ആക്രമണങ്ങളൊക്കെ ഉടന്‍ അവസാനിപ്പിക്കണമെന്നാണ് പ്രമേയം. സുരക്ഷാ കൗണ്‍സിലിന്‍റെ പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുഎഇ അറിയിച്ചു.