ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഇന്ന് ഇറാന്‍-അമേരിക്ക രണ്ടാം ഘട്ട സമാധാന ചര്‍ച്ച നടക്കാനിരിക്കെ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതായി ഇറാന്‍ സ്റ്റേറ്റ് മഡിയ റിപ്പോർട്ട് ചെയ്തു. യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാന്‍സ് നയിക്കുന്ന സംഘമായിരിക്കും അമേരിക്കയെ പ്രതിനിധീകരിക്കുന്നത്. കനത്ത സുരക്ഷയാണ് ഇസ്ലാമാബാദില്‍ സജ്ജമാക്കിയിരിക്കുന്നത്.
ഇറാന്‍റെ പ്രതികരണം വലിയ പ്രത്യാഘാതമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും ഉപരോധം തുടരുന്ന കാലത്തോളം ചര്‍ച്ചയ്ക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. അതേ സമയം ചര്‍ച്ചയ്ക്കായി ഞങ്ങള്‍ തയ്യാറാണെന്നും ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാന്‍ കനത്ത തിരിച്ചടി നേരിടുമെന്നും അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് അറിയിച്ചു. വൈദ്യുതി നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇറാന്‍ പ്രസിഡണ്ടുമായി ഫോണില്‍ സംസാരിച്ചു. ആദ്യഘട്ട ചര്‍ച്ചയില്‍ പ്രമുഖരായ പ്രതിനിധികളെ ചര്‍ച്ചയ്ക്കയച്ചതില്‍ നന്ദി അറിയിച്ചു. തുര്‍ക്കി, ഖത്തര്‍ , സഊദി എന്നീ രാജാക്കന്മാരുമായി ചര്‍ച്ച ചെയ്ത കാര്യങ്ങളും അദ്ദേഹവുമായി പങ്കുവെച്ചു. അതോടൊപ്പം സമാധാനം നിലനിര്‍ത്താനുള്ള എല്ലാ സാഹചര്യമൊരുക്കാനും പാക്കിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.
നിലവില്‍ ഹൊര്‍മുസില്‍ ഇറാന്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇസ്രയേല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഇറാന്‍ ഹൊര്‍മുസ് തുറന്ന് കൊടുത്തിരുന്നു. പക്ഷേ അമേരിക്ക ഉപരോധം പിന്‍വലിക്കാത്തതിനാല്‍ ഹൊര്‍മുസ് വീണ്ടും അടക്കുകയായിരുന്നു. കടലിടുക്കിനോട് അടുത്ത് വന്ന രണ്ട് ഇന്ത്യന്‍ കപ്പലിന് നേരെ ഇറാന്‍ വെടിവെട്ടിച്ചിരുന്നു. ഇന്ത്യ ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.