ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തമിഴകത്ത് ഇനി ഇളയ ദളപതി ഭരണമുണ്ടാവുമെന്ന് ഉറപ്പിച്ചു. അവസാനം നിമിഷം വരെ നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിപ്പിച്ച് തമിഴക വെട്ര കഴകത്തിന്‍റെ നേതാവ് വിജയ് മുഖ്യമന്ത്രിയായ് സത്യ പ്രതിജ്ഞ ചെയ്യും. വിസികെ പിന്തുണ അറിയിച്ചതോടെ വിജയ്ക്ക് പിന്തുണയ്ക്കുന്ന എം എല്‍ എമാരുടെ എണ്ണം 118 ആയി. കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ വൈകാതെ ഗവര്‍ണ്ണറെ കാണും. ഉടനെ തന്നെ സത്യ പ്രതിജ്ഞയുമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ 120 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് പറഞ്ഞ് ഗവര്‍ണ്ണറെ സമീപിച്ചെങ്കിലും മുസ്ലിം ലീഗിന്‍റെയും വിസികെയുടെ പിന്തുണ കത്ത് ഇല്ലാത്തത് കൊണ്ട് ഗവര്‍ണ്ണര്‍ സ്വീകരിച്ചില്ല. മൂന്നാം പ്രാവശ്യമായിരുന്നു വിജയിനെ കേവല ഭൂരിപക്ഷമില്ലെന്ന് പേരില്‍ ഗവര്‍ണ്ണര്‍ തിരിച്ചയച്ചത്.
കോണ്‍ഗ്രസും, സിപിഐ, സിപിഎമ്മുമായിരുന്നു ആദ്യം ടിവികെയ്ക്ക് പിന്തുണ അറിയിച്ചത്. അതിനിടെ ഡിഎംകെ+അണ്ണാഡിഎംകെ കൂട്ട്‌കെട്ടുണ്ടാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ബിജെപി അനുകൂല നിലപാടുണ്ടായത് കൊണ്ട് അണ്ണാഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് സ്റ്റാലിന്‍ പ്രഖ്യാപിക്കുകയായിരുന്നു. ടിവികെ സര്‍ക്കാര്‍ രൂപീകരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ടിവികെയ്ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്‍ഡ്യ സഖ്യത്തോടുള്ള ഡിഎംകെയുടെ നിലപാട് എന്താണെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ലീഗ് ഡിഎംകെയില്‍ പിന്‍വാങ്ങുകയില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.