തിരുവനന്തപുരം: ചരിത്ര നിയോഗമായിരുന്നു ഇന്ന് ഫാത്വിമ തഹ്ലിയയുടെ സത്യപ്രതിജ്ഞ. സത്യവാചകം ചൊല്ലി നിയുക്ത എം എല്‍ എ കടന്നു ചെന്നത് ചരിത്രത്തിലേക്കായിരുന്നു. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആദ്യ എം എല്‍ എയായാണ് അവര്‍ സ്ഥാനമേറ്റെടുത്തത്. 29ാം നമ്പറില്‍ ചെന്ന് സത്യവാചകം ദൈവത്തിന്റെ നാമത്തിലായിരുന്നു അവര്‍ പൂര്‍ത്തീകരിച്ചത്. പിണറായി വിജയനെയും കെകെ രമയെയും ഉള്‍പ്പടെ 139 പേരെയും അഭിവാദ്യം ചെയ്താണ് അവര്‍ തിരിച്ച് സീറ്റിലേക്ക് മടങ്ങിയത്.
പേരാമ്പ്ര മണ്ഡലത്തില്‍ കാലങ്ങളായുള്ള സിപിഎമ്മിന്റെെ കോട്ട തകര്‍ത്താണ് ഫാത്വിമ തഹ്ലിയ നിയസഭയിലെത്തുന്നത്. സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവ് ടിപി രാമകൃഷ്ണനെ 5087 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത. സ്വന്തം കാറിലായിരുന്നു അവര്‍ സത്യപ്രതിജ്ഞയ്ക്ക് വന്നത്. ആ കാറില്‍ തന്നെ തുടരണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
ഇതിന് മുമ്പും ലീഗിലെ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചെങ്കിലും വിജയം കാണാന്‍ സാധിച്ചിരുന്നില്ല. നൂര്‍ബീന റഷീദായിരുന്നു ഇതിന് മുമ്പ് ലീഗിന് വേണ്ടി മത്സരത്തിനറങ്ങിയത്. ഇപ്രാവശ്യം ഫാത്വിമ തഹ്ലിയയോടൊപ്പം ജയന്തി രാജനമുണ്ടായിരുന്നെങ്കിലും അവര്‍ പൊരുതി തോല്‍ക്കുകയായിരുന്നു.