ന്യൂ ചണ്ഡിഗഡ്: ബാംഗ്ലൂരോട് തോറ്റത് രാജസ്ഥാനോട് തീര്‍ത്തു. വീണ്ടും പകരം ചോദിക്കാന്‍ ഞായറാഴ്ച്ച നരേന്ദ്രമ മോദി സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നില്‍ ഗുജറാത്ത് എത്തും. ഫൈനലിലേക്ക് ഗില്ലും കൂട്ടരും ഇന്ന് നടത്തിയത് മാസ് എന്‍ട്രിയായിരുന്നു. രാജസ്ഥാന് ഇതുപോലൊരു തൂക്കിയടി ആദ്യമായിരിക്കും ലഭിക്കുന്നത്. കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ 214 സ്‌കോര്‍ 18.4 ഓവറിലാണ് ഗുജറാത്ത് മറി കടന്നത്. ഏഴ് വിക്കറ്റ് വിജയത്തോടെ ഗുജറാത്ത് ഞായറാഴ്ച്ച നടക്കുന്ന ഫൈനലിന് യോഗ്യത നേടി.
വൈഭവ് അടിച്ച് തീര്‍ത്ത ഓരോ അടിക്കും മറുപടിയായിരുന്നു സായ് സുദര്‍ശനം ശുഭ്മാന്‍ ഗില്ലും ഇന്ന് ഗുജറാത്തിന് വേണ്ടി അടിച്ചു തീര്‍ത്തത്. വളരെ പ്രഫഷണലായ അതും പിഴവുകളില്ലാത്ത ഓപ്പണിംഗ് കൂട്ട് കെട്ടായിരുന്നു സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും കൂടി ഗുജറാത്തിന് സമര്‍പ്പിച്ചത്. ദൗര്‍ഭാഗ്യകരമെന്ന പോലെ രണ്ടാം പ്രാവശ്യവും സായ് സുദര്‍ശന്‍ ഹിറ്റ് വിക്കറ്റായ് മടങ്ങി. 13ാം ഓവറില്‍ സായ് സുദര്‍ശന്‍ മടങ്ങുമ്പോള്‍ ഗുജറാത്തിന്‍റെ സ്‌കോര്‍ 167. 32 പന്തില്‍ 54 റണ്‍സെടുത്താണ് അദ്ദേഹം മടങ്ങിയത്.
രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഗില്‍ തന്‍റെ സെഞ്ചുറി പൂര്‍ത്തിയാക്കി. 47 പന്തില്‍ 104 റണ്‍സെടുത്ത് ഗില്‍ മൂന്ന് സിക്‌സുകളും 15 ഫോറുകളുമാണ് നേടിയത്. അദ്ദേഹം മടങ്ങുമ്പോള്‍ ഗുജറാത്ത് സുരക്ഷിത സ്ഥാനത്തെത്തിയിരുന്നു. ഇംപാക്ട് പ്ലെയറായ് ഇറങ്ങിയ രാഹുല്‍ തിവാത്തിയ പെട്ടെന്ന് തന്നെ കളി അവസാനിപ്പിക്കുകയായിരുന്നു. അദ്ദേഹം 17 റണ്‍സ് സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ 214 റണ്‍സാണ് അടിച്ചു കൂട്ടിയത്. ബാറ്റിംഗ് പ്രയാസമായ പിച്ചില്‍ വൈഭവിന്‍റെ തകര്‍പ്പനടിയാണ് രാജസ്ഥാനെ ഈ സ്‌കോറിലെത്തിച്ചത്. തുടര്‍ച്ചയാ രണ്ടാം കളിയിലും സെഞ്ചുറിക്ക് തൊട്ടരികെ വൈഭവ് വീണു.47 പന്തില്‍ ഏഴ് സിക്‌സറുകളും 8 ഫോറുകളുമടക്കം 96 റണ്‍സ് നേടിയാണ് വൈഭവ് മടങ്ങിയത്. വിക്കറ്റുകള്‍ വീഴുമ്പോള്‍ ഒരറ്റത്ത് പക്വതയോടെ ബാറ്റേന്തിയാണ് വൈഭവ് രാജസ്ഥാനെ ഈ സ്‌കോറിലെത്തിച്ചത്. രവീന്ദ്ര ജഡേജ 35 പന്തില്‍ 45ും ഡോനോവന്‍ ഫെറേറ 11 പന്തില്‍ 38 റണ്‍സും നേടി വൈഭവിന് മികച്ച പിന്തുണ നല്‍കി. ഗുജറാത്തിന് വേണ്ടി കഗിസോ റബാദയും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഞായറാഴ്ച്ച നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍ ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബാംഗ്ലൂര്‍ ഫൈനലിലെത്തുന്നത്. ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടാണ് എന്ന മുന്‍ തൂക്കം ഗുജറാത്തിനുണ്ട്.